മൂവാറ്റുപുഴ: ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരളം പുരസ്‌കാര നിറവിൽ മൂവാറ്റുപുഴ നഗരസഭ. 2022 - 23 വർഷത്തിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനമാണ് നഗരസഭക്ക് ലഭിച്ചതെന്ന് ചെയർമാൻ പി.പി. എൽദോസ് പറഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ആരോഗ്യ വകുപ്പിന്റെ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന സമഗ്ര ആരോഗ്യ പദ്ധതിയുടെ വിജയകരമായ നടത്തിപ്പാണ് നഗരസഭയെ അവാർഡിന് അർഹമാക്കിയത്.
മൂവാറ്റുപുഴ ജനറൽ ആശുപത്രി, ഹോമിയൊ, ആയുർവേദ ആശുപത്രികൾ, കിഴക്കേകര, കുര്യൻമല വെൽനസ് സെന്ററുകൾ വഴിയാണ് ആർദ്ര കേരളം പദ്ധതി വിജയകരമായി നടപ്പാക്കിയത്.
ജനറൽ ആശുപത്രിയിലെ ജീവിത ശൈലി രോഗ നിയന്ത്രണ ക്ലിനിക് വഴി 25,863 പേരുടെ രക്ത പരിശോധനയും ബി.പി. നിർണയവും നടത്തി. 4680 പേർക്ക് പ്രതിരോധ കുത്തിവയ്പ് നൽകി. 2370 ഗർഭിണികൾക്ക് ആരോഗ്യ പരിശോധന നടത്തി. 2370 ശ്വാസകോശ പരിശോധനയും 268 പേർക്ക് കാൻസർ ചികിത്സയും നടത്തി. പാലിയേറ്റീവ് കെയർ വഴി 11,23,000 രൂപയുടെ സാന്ത്വന പ്രവർത്തനം നടത്തി. എട്ട് ലക്ഷം രുപയുടെ ഡയാലിസിസും 5 ലക്ഷം രൂപയുടെ ജീവിത ശൈലി രോഗങ്ങൾക്കുളള മരുന്ന് വിതരണവും നടത്തി. മെൻസ്ട്രുവൽ കപ്പ് വിതരണത്തിനായി നാല് ലക്ഷവും കാൻസർ മരുന്നിനായി 40 ലക്ഷം രൂപയും ചിലവഴിച്ചു. നഗരത്തിലെ വയോജനങ്ങൾക്ക് സൗജന്യമായി മരുന്ന് നൽകുന്നതിന് വയോമിത്രം പദ്ധതിക്ക് 25 ലക്ഷം രൂപ അനുവദിച്ചു.
കൗൺസിലർമാരുടെയും സെക്രട്ടറിയുടെയും മറ്റ് ജീവനക്കാരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ വിജയം കൂടിയാണ് പുരസ്കാര നേട്ടം
പി.പി.എൽദോസ്
ചെയർമാൻ
നഗരസഭ
മരുന്നുകൾ വാങ്ങാൻ അനുവദിച്ചത്
ഗവ. ആയുർവേദ ആശുപത്രിക്ക് 20 ലക്ഷം
ഹോമിയോ ആശുപത്രിക്ക് 18 ലക്ഷം
ജനറൽ ആശുപത്രിക്ക് 1,15, 73,052 രൂപ
ചികിത്സയിൽ മാത്രമല്ല, മാലിന്യസംസ്കരണത്തിലും മുന്നിൽ
ഖരമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ തരംതിരിച്ച് ശേഖരിക്കുന്നു ജൈവ മാലിന്യങ്ങൾ ബയോഗ്യാസ് പ്ലാന്റ് മുഖേന സംസ്കരിക്കുന്നു അജൈവ മാലിന്യങ്ങൾ ഹരിത കർമ സേനക്ക് കൈമാറുന്നു ദ്രവ മാലിന്യം അണു നശീകരണത്തിന് ശേഷം സോക്പിറ്റിൽ സംസ്കരിക്കുന്നു
2022 - 23 വർഷം ആരോഗ്യ മേഖലയിൽ മാത്രമായി നഗരസഭ ചിലവിട്ടത് 10 കോടി രൂപ
ജില്ലയിൽ ആദ്യമായി വെൽനസ് സെന്റർ ആരംഭിച്ചതും അനുവദിച്ച തുക നൂറു ശതമാനം സംസ്ഥാനത്ത് ആദ്യം ചെലവിട്ടതും മൂവാറ്റുപുഴ നഗരസഭ