കെ.കെ. രത്‌നൻ
വൈപ്പിൻ: വൈപ്പിൻ മേഖലയിൽ നിന്ന് ഗോശ്രീ പാലങ്ങൾ വഴി വരുന്ന സ്വകാര്യ ബസുകൾക്ക് കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രവേശനം അനുവദിക്കണമെന്ന ദീർഘകാലത്തെ ആവശ്യംനേടിയെടുക്കാൻ വീണ്ടും സമരവുമായി പൊതുജനം രംഗത്ത്. 18 വർഷം മുമ്പ് ഗോശ്രീ പാലങ്ങൾ തുറന്നപ്പോൾ മുതൽ ബസുകളുടെ സർവീസ് ഹൈക്കോടതി പരിസരം വരെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. യാത്രക്കാർ ഹൈക്കോടതി സ്റ്റോപ്പിൽ ഇറങ്ങി മറ്റു ബസുകൾ കയറിയാണ് നഗരത്തിലെ മാറ്റ് ഭാഗങ്ങളിലേക്ക് യാത്ര തുടരുന്നത്. ഇതൊഴിവാക്കി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബസ് സർവീസ് നീട്ടണമെന്നാണ് ആവശ്യം.
മുൻപ് പലവട്ടം സമരം രൂക്ഷമായപ്പോൾ ഗതാഗത മന്ത്രി ഉൾപ്പെടെയുള്ള അധികൃതർ സർവീസ് നീട്ടാൻ ഉടൻ നടപടി എടുക്കുമെന്ന് വാഗ്ദാനം ചെയ്ത് സമരം തണുപ്പിക്കുകയാണ് പതിവ്. സമാനസാഹചര്യത്തിൽ കുറേ നാളായി നിർത്തി വച്ചിരുന്ന സമരത്തിന് ഇന്ന് വീണ്ടും ജീവൻ വയ്ക്കുകയാണ്. വൈപ്പിൻ ദ്വീപിലെ റെസിഡന്റസ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫ്രാഗ് ഇന്ന് ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തും.
വൈപ്പിൻ ദ്വീപിലെ സാംസ്‌കാരിക നായകരും വിവിധ സംഘടന നേതാക്കളും ഇന്നത്തെ സമരത്തിൽ പങ്കാളികളാകും. സാഹിത്യകാരൻ സിപ്പി പള്ളിപ്പുറം, ചലച്ചിത്ര അഭിനേതാക്കളായ മജീദ്, ഞാറക്കൽ ശ്രീനി, പൗളി വത്സൻ, തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം, സംവിധായകരായ ജിബു ജേക്കബ്, വ്യാസൻ എടവനക്കാട്, വിവിധ സംഘടനാ നേതാക്കൾ എന്നിവർ സമരത്തിൽ പങ്കെടുക്കും.

വൈപ്പിനിൽ സർവീസ് നടത്തുന്നത് 120 സ്വകാര്യ ബസുകൾ

നഗരത്തിലേക്കുള്ള സർവീസ് പെർമിറ്റിനായി ആറുമാസക്കാലമായി കെട്ടികിടക്കുന്നത് 20 അപേക്ഷകൾ

ബസുടമകളും തൊഴിലാളികളും നിലവിൽ ആവശ്യപ്പെടുന്നത് 63 പെർമിറ്റുകൾ

2023 മെയ് മാസത്തിലെ കരടുവിജ്ഞാപനം പ്രശ്‌നത്തിന് പരിഹാരമാകുമെന്നായിരുന്നു അധികൃതരുടെ ഉറപ്പ് എന്നാൽ ഈ വിജ്ഞാപനപ്രകാരമുള്ള നടപടികൾ ബസുകളുടെ നഗരപ്രവേശം യാഥാർത്ഥ്യം ആക്കില്ലെന്ന് അന്നേ ആക്ഷേപം ഉയർന്നു വൈപ്പിൻ വഴിയുള്ള പറവൂർ - എറണാകുളം റൂട്ട് ദേശസാൽകരണമാണ് ഇതുവഴി നടപ്പാകുന്നതെന്ന ആരോപണവും ഉയർന്നു വൈപ്പിൻ കരക്കാർക്ക് ആകെ അനുവദിക്കപ്പെട്ടത് 25കിലോമീറ്റർ ഓവർ ലാപ്പിംഗ് മാത്രം ഇതുപോലും നടപ്പാക്കുവാൻ അധികാരികൾ കൂട്ടാക്കുന്നില്ല