കൊച്ചി: യാത്രക്കാർക്ക് സന്തോഷവാർത്ത. പരീക്ഷണയോട്ടം വിജയിച്ചതിന് പിന്നാലെ പാലക്കാട് വഴിയുള്ള എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസിന്റെ സർവീസ് തുടരാൻ റെയിൽവേ തീരുമാനമെടുത്തേക്കും. ആഗസ്റ്റ് 26ന് ശേഷവും എറണാകുളം- ബംഗളൂരു വന്ദേഭാരത് ഓടുമെന്ന് വിവരം. കഴിഞ്ഞ മാസം 30 മുതൽ ഈ മാസം 26വരെയാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള സ്പെഷ്യൽ സർവീസ്. പരീക്ഷണയോട്ടം പ്രതീക്ഷിച്ചതിലും വിജയകരമാണെന്നും ഏറിയ ദിവസങ്ങളിലും 85-90ശതമാനം സീറ്റുകളും ബുക്കിംഗോടെയാണ് ട്രെയിൻ സർവീസ് നടത്തുന്നതെന്നും റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
സർവീസ് സ്ഥിരമാക്കുന്നതോടെ യാത്രക്കാർ ഏറെയുള്ള ബംഗളൂരു- എറണാകുളം റൂട്ടിൽ വന്ദേഭാരതിനായി നേരത്തെ മുതൽ ഉയർന്ന ആവശ്യം സാക്ഷാത്കരിക്കപ്പെടും. എറണാകുളത്തു നിന്നും സമീപ ജില്ലകളിൽ നിന്നും ബംഗളൂരുവിൽ ജോലി ചെയ്യുന്നവരായ നിരവധിപ്പേർക്ക് സ്വകാര്യ വോൾവോ ബസുകളുടെ കൊള്ളയിൽ നിന്ന് രക്ഷനേടാൻ വന്ദേഭാരത് ഉപകരിക്കുമെന്ന് യാത്രക്കാർ കണക്ക് കൂട്ടുന്നു.
സമയം മാറ്റണമെന്ന് ആവശ്യം
എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 12.50ന് പുറപ്പെട്ട് രാത്രി 10ന് ബംഗളൂരു കന്റോൺമെന്റിലെത്തുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ അഞ്ചരയ്ക്ക് തിരിച്ച് ഉച്ചയ്ക്ക് 2.20ന് എറണാകുളത്തെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഈ സമയം ജോലിക്കാരായ യാത്രക്കാർക്ക് ഉപകാരപ്രദമല്ല എന്നായിരുന്നു പരാതികൾ. എന്നാൽ, വന്ദേഭാരത് ട്രെയിനുകളുടെ പൊതുവേയുള്ള സമയക്രമീകരണത്തിന്റെ ഭാഗമാണ് ഇതെന്നും അഖിലേന്ത്യാതലത്തിലേ സമയക്രമം മാറ്റാനാകൂവെന്നുമാണ് റെയിൽവേ വിശദീകരണം.
ജോലിക്കാരായ യാത്രക്കാർക്കും ഗുണകരമാകുന്ന വിധം സമയം ക്രമീകരിക്കണം
ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് വേണം
കോച്ചുകളുടെ എണ്ണം കൂട്ടണം
വന്ദേഭാരത് നീട്ടുന്നത് യാത്രക്കാർക്ക് ഗുണം ചെയ്യും. സർവീസ് ആഴ്ചയിൽ എല്ലാ ദിവസവും ആക്കണം. നിലവിലുള്ള 8 കോച്ചിന് പകരം 16 കോച്ചുകളാക്കണം.
പി. കൃഷ്ണകുമാർ
ദക്ഷിണ റെയിൽവേ ഉപദേശക സമിതി മുൻ അംഗം
നിരക്ക്
എ.സി ചെയർ കാർ- 1,465 രൂപ
എക്സിക്യൂട്ടീവ് ചെയർ കാർ- 2,945 രൂപ
06001- എറണാകുളം - ബംഗളൂരു വന്ദേഭാരത്
ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ
(സ്റ്റോപ്പ്- സമയക്രമം)
എറണാകുളം -ഉച്ചയ്ക്ക് 12.50
തൃശൂർ -1.53
പാലക്കാട് - 3.15
പോത്തനൂർ - 4.13
തിരുപ്പൂർ - 4.58
ഈറോഡ് - 5.45
സേലം - 6.33
ബംഗളൂരു കന്റോൺമെന്റ് -രാത്രി 10
06002 ബംഗളൂരു - എറണാകുളം വന്ദേഭാരത്
വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിൽ
(സ്റ്റോപ്പ്- സമയക്രമം)
ബംഗളൂരു കന്റോൺമെന്റ് -രാവിലെ 5.30
സേലം - 8.58
ഈറോഡ് - 9.50
തിരുപ്പൂർ -10.33
പോത്തനൂർ - 1.15
പാലക്കാട് - 12.08
തൃശൂർ - 1.18
എറണാകുളം- 2.20