കൊച്ചി: തോട്ടണ്ടി ഇറക്കുമതിക്കേസിൽ ആരോപണ വിധേയനായ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ രാജിവയ്‌ക്കുകയോ ദേശീയ നേതൃത്വം പുറത്താക്കുകയോ ചെയ്യണമെന്ന് ദേശീയ സെക്രട്ടറി കെ.പി. ഹരിദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഐ.എൻ.ടി.യു.സി നേതൃയോഗം ആവശ്യപ്പെട്ടു.
പ്രവർത്തനം ഏകോപിപ്പിക്കാൻ ജില്ലാ, സംസ്ഥാന, ബ്‌ളോക്ക് തലങ്ങളിൽ കമ്മിറ്റികൾ രൂപീകരിക്കാൻ തീരുമാനിച്ചു. ദേശീയ പ്രസിഡന്റ് സഞ്ജീവറെഡ്‌ഢിക്ക് നൽകിയ പരാതിയിലെ നടപടി അറിഞ്ഞശേഷം ഭാവിപരിപാടികൾ തീരുമാനിക്കും.
ഹൈക്കോടതി പരാമർശം നടത്തിയിട്ടും പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത് വർക്കിംഗ് കമ്മിറ്റി തീരുമാനത്തിന്റെ ലംഘനമാണ്. ചന്ദ്രശേഖരന് നോട്ടീസ് നൽകി വിശദീകരണം ചോദിച്ചശേഷം നടപടിയെടുക്കാമെന്നാണ് ദേശീയ നേതൃത്വം അറിയിച്ചത്. കഴിഞ്ഞദിവസം സംസ്ഥാനത്തു നിന്നുള്ള നേതാക്കൾ സഞ്ജീവറെഡ്‌ഢിയെ സന്ദർശിച്ച് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
യോഗത്തിൽ സംസ്ഥാന നേതാക്കളായ സുരേഷ്‌ബാബു, സിബിക്കുട്ടി ഫ്രാൻസിസ്, ആറ്റിങ്ങൽ അജിത്, സഹജൻ, ബീരാൻ തുടങ്ങിയവർ പങ്കെടുത്തു.