ആലുവ: റൂറൽ ജില്ലയിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച പൊലീസ് സ്റ്റേഷനുകൾക്ക് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന അനുമോദന പത്രം സമ്മാനിച്ചു. ആലുവ, ഞാറക്കൽ, പുത്തൻകുരിശ്, പിറവം, ചോറ്റാനിക്കര, രാമമംഗലം എന്നീ സ്റ്റേഷനുകൾക്കാണ് അംഗീകാരം. 2022 -23 വർഷങ്ങളെ അപേക്ഷിച്ച് 2024ൽ 50 ശതമാനത്തിൽ അധികം അപകട മരണങ്ങൾ കുറക്കുന്നതിന് നടപടി സ്വീകരിച്ചതിനാണ് അനുമോദനം ലഭിച്ചത്. കൃത്യമായ വാഹന പരിശോധനയും പട്രോളിംഗും അപകട മരണങ്ങൾ കുറയ്ക്കാൻ ഇടയാക്കി. ക്യാമറകളുടെ പ്രവർത്തനവും ഗുണം ചെയ്തു.

ആലുവയിൽ 2023ൽ 27 അപകട മരണമാണുണ്ടായത്. 2024 ഇതുവരെ അത് എട്ടായി കുറഞ്ഞു. ഞാറക്കലിൽ 15 ഉണ്ടായിരുന്നത് നാലായി മാറി. പുത്തൻകുരിശിലേത് 2023ൽ 14 ആയിരുന്നത് നാലായി. രാമമംഗലത്ത് ഇതു വരെ റോഡപകടം മൂലമുള്ള മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പിറവത്ത് രണ്ടും, ചോറ്റാനിക്കര ഒന്നുമാണ് റിപ്പോർട്ട് ചെയ്തത്. വാഹന പരിശോധന കർശനമാക്കാനാണ് പൊലീസ് തീരുമാനം.