കൊച്ചി: 43 വാർഡുകൾ....ആകെ 10 ക്യാമറകൾ.. മാലിന്യമേറുകാരെ പിടിക്കാൻ തൃക്കാക്കര നഗരസഭ ഒരുക്കിയ സംവിധാനം കേട്ടാൽ ചിരിച്ചുപോകും. ഇതെങ്ങനെയെന്ന് ചോദിച്ചാൽ 43 വാർഡുകളിലേക്കും ആവശ്യാനുസരണം മാറ്റിമാറ്റി സ്ഥാപിക്കുംപോലും. നഗരസഭയ്ക്ക് മാത്രമറിയാവുന്ന ജാലവിദ്യ.

2022 മാർച്ച് 19നാണ് 33,68,700രൂപ മുടക്കിൽ 10 ക്യാമറകൾ സ്ഥാപിച്ചത്. ഇത് ആവശ്യാനുസരണം മാറ്റിസ്ഥാപിക്കുമെന്ന നഗരസഭയുടെ വിശദീകരണത്തിൽത്തന്നെ വീണ്ടും ചെലവ് വരുത്തിവയ്ക്കുന്നുവെന്ന് വ്യക്തം.

ക്യാമറകൾ സ്ഥാപിച്ച അന്നുമുതൽ ഇന്നുവരെ ആകെ പിടികൂടി പിഴയൊടുക്കാൻ നിർദ്ദേശിച്ചത് വെറും 56പേരെ മാത്രം. ഇവരുടെ ആരുടെ പക്കൽനിന്നും ഒരൊറ്റ വാഹനങ്ങൾ പോലും പിടിച്ചെടുത്തിട്ടില്ലെന്നതും ശ്രദ്ധേയം. ആർക്കൊക്കെ എത്രയൊക്കെ രൂപ പിഴ നൽകി, ആരൊക്കെ അടച്ചു എന്നതിനൊന്നും കണക്കില്ല. 124030 രൂപയാണ് ആകെ പിഴയിനത്തിൽ ലഭിച്ചതെന്ന് മാത്രമാണ് നഗരസഭയുടെ പക്കൽ കണക്കുള്ളത്.

പൂർണമായും ചാർജ് ചെയ്ത ക്യാമറ പരാതിയുള്ള സ്ഥലത്ത് പോസ്റ്റുകളിൽ ഘടിപ്പിക്കുകയും വിവര ശേഖരണത്തിനുശേഷം പിറ്റേന്ന് ഇവിടെ നിന്നെടുത്ത് മറ്റിടങ്ങളിലേക്ക് ക്യാമറ മാറ്റി സ്ഥാപിക്കുമെന്നാണ് നഗരസഭാ ആരോഗ്യവിഭാഗം നൽകിയ വിവാരവകാശ മറുപടിയിലുള്ളത്. മൂന്നുവർഷം കൂടുമ്പോഴാണ് ക്യാമറകൾ അറ്റകുറ്റപ്പണി ചെയ്യുക. കാക്കനാട് സ്വദേശി രാജു വാഴക്കാലയ്ക്ക് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്.