ardra

കൊച്ചി: ആരോഗ്യ മേഖലയിലെ മികവിന് അംഗീകാരമായി സംസ്ഥാന സർക്കാരിന്റെ ആർദ്ര കേരള പുരസ്‌കാരത്തിൽ ഒന്നാം സ്ഥാനം എറണാകുളം ജില്ലയ്ക്ക്. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി 2022-23 സാമ്പത്തിക വർഷം എറണാകുളം ജില്ലാപഞ്ചായത്ത് ആരോഗ്യമേഖലയിലും ആരോഗ്യ അനുബന്ധ മേഖലയിലും നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ആർദ്ര കേരളപുരസ്‌കാരം എറണാകുളം ജില്ലാ പഞ്ചായത്തിന് ലഭിച്ചത്. എറണാകുളം ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ആലുവ ജില്ലാ ആശുപത്രി, ജില്ലാ ഹോമിയോ ആശുപത്രി, ജില്ലാ ആയുർവേദ ആശുപത്രി എന്നിവയുടെ ഭൗതിക സൗകര്യങ്ങളും ലാബ് സൗകര്യവും വർദ്ധിപ്പിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് ഫണ്ട് വകയിരുത്തി നിരവധി പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കിയതുൾപ്പെടെ പുരസ്‌കാര നേട്ടത്തിന് സഹായകമായെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ പറഞ്ഞു.