ആലുവ: ദേശീയപാതയിൽ തോട്ടക്കാട്ടുകരയിൽ നിയന്ത്രണം വിട്ട ചരക്കുലോറി പൊലീസ് ട്രാഫിക്ക് കൺട്രോൾ ക്യാബിൻ ഇടിച്ചുതകർത്ത ശേഷം മറിഞ്ഞു. പുലർച്ചെയായതിനാൽ ക്യാബിനിൽ പൊലീസ് ഇല്ലാതിരുന്നതും റോഡിൽ വാഹനങ്ങൾ കുറവായതും ഭാഗ്യമായി. ലോറി ഡ്രൈവർ പൊള്ളാച്ചി സ്വദേശി സെന്തിൽകുമാർ (40) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇന്നലെ പുലർച്ചെ ആറ് മണിയോടെയാണ് സംഭവം. കൊട്ടാരക്കരയിൽ നിന്ന് പൊള്ളാച്ചിയിലേക്ക് മരപ്പൊടിയുമായി പോയ ലോറിയാണ് മാർത്താണ്ഡ വർമ്മ പാലം കഴിഞ്ഞുള്ള ട്രാഫിക്ക് സിഗ്നലിന് സമീപം നിയന്ത്രണം വിട്ടത്. മുന്നിൽ പോയ ബൈക്ക് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ടതാണെന്ന് ലോറി ഡ്രൈവർ നാട്ടുകാരോട് പറഞ്ഞു. പൊലീസ് സ്ഥലത്ത് എത്തും മുമ്പേ ഇയാൾ മുങ്ങി. സംഭവമറിഞ്ഞ് പൊള്ളാച്ചിയിൽ നിന്ന് ലോറി ഉടമ മഹേശ്വരൻ സ്റ്റേഷനിൽ എത്തിയിട്ടും ഡ്രൈവർ പൊലീസിന് കീഴടങ്ങിയില്ല.
കൊല്ലത്തേക്ക് തേങ്ങയുമായി എത്തിയ ശേഷം തിരികെ പോയമ്പോൾ ട്രാൻസ്പോർട്ട് ഏജൻസി മുഖേനയാണ് മരപ്പൊടി കയറ്റിയത്. സിഗ്നൽ സംവിധാനത്തിന് ഏകദേശം ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്.