കൊച്ചി: കളമശേരി മൂലേപ്പാടം റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ദേശീയപാത അതോറിറ്റിയുടെ പുഷ്‌ത്രൂ കൽവെർട്ട് നിർമ്മാണം ഉടനാരംഭിക്കും. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി മന്ത്രി പി. രാജീവ് സ്ഥലം സന്ദർശിച്ചു. മുപ്പത് വർഷത്തിലധികമായി നിലനിൽക്കുന്ന വെള്ളക്കെട്ടിന് ശാസ്ത്രീയ പരിഹാരം കാണാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

പൊതുമരാമത്ത് വകുപ്പിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. തുടർന്നാണ് ദേശീയപാത അതോറിറ്റി പുഷ്‌ത്രൂ കൽവെർട്ട് നിർമ്മിക്കുന്നത്. മൂന്ന് സ്ഥലങ്ങളിൽ അതോറിറ്റി നിർമ്മിക്കുന്ന കൽവെർട്ടുകളിൽ ആദ്യത്തേത്താണിത്. ടെർഡർ ഒപ്പുവച്ചു. കൽവെർട്ടിനുള്ള പ്രത്യേക രൂപകല്പന തയ്യാറാക്കി വരികയാണ്. ഡിസൈൻ അടിസ്ഥാനമാക്കിയുള്ള മെഷീനറികൾ ഇവിടെയെത്തും. ഉടനെ നിർമ്മാണം തുടങ്ങും. ആറുമാസത്തിനുള്ളിൽ കൽവെൻട്ട് പൂർത്തീകരിക്കാനാകുമെന്നാണ് കണക്കാക്കുന്നത്.

വെള്ളക്കെട്ട് പ്രശ്‌നവുമായി ബന്ധപ്പെട്ട് റവന്യൂവിഭാഗം സർവേയിലൂടെ കണ്ടെത്തിയ സാലീസ് തോട്ടിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. റവന്യൂവകുപ്പ് കല്ലിടൽ പൂർത്തിയാക്കിയിട്ടുണ്ട്. കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ നഗരസഭ തുടർനടപടി സ്വീകരിക്കും. ഇതിനായി ജനപ്രതിനിധികൾ, റെസിഡന്റ്‌സ് അസോസിയേഷനുകൾ എന്നിവരുടെ യോഗം വിളിച്ചു ചേർക്കുമെന്നും മന്ത്രി പറഞ്ഞു.

₹ 3.5 കോടി

3.5 കോടി രൂപ ചെലവഴിച്ചാണ് ദേശീയപാത അതോറിറ്റി പുഷ്‌ത്രൂ കൽവെർട്ട് നിർമ്മിക്കുന്നത്. ദേശീയപാത അതോറിറ്റി, റെയിൽവേ, കൊച്ചി മെട്രോ, ജലവിഭവ വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവർ ചേർന്ന് സംയുക്ത പരിശോധന നടത്തിയാണ് കൽവെർട്ട് നിർമ്മാണത്തിനുള്ള പദ്ധതി ആവിഷ്‌കരിച്ചത്. പദ്ധതിയുടെ ഭാഗമായി മൂലേപ്പാടം നഗറിലെ നവീകരിച്ച ബൈലൈൻ റോഡിന്റെയും പുതുക്കിപ്പണിത കലുങ്കിന്റെയും നിർമ്മാണം പൊതുമരാമത്ത് വകുപ്പ് നേരത്തേ പൂർത്തിയാക്കിയിരുന്നു.