പെരുമ്പാവൂർ: നിയോജക മണ്ഡലത്തിലെ പൊതുജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനായി എം.എൽ എ ജനകീയസദസ് നടത്തും. 16ന് രാവിലെ 11ന് എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ അദ്ധ്യക്ഷതയിൽ പെരുമ്പാവൂർ മുനിസിപ്പൽ ലൈബ്രറി ഹാളിലാണ് യോഗം ചേരുക. മുനിസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൽ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത്കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

മൂവാറ്റുപുഴ ആർ.ടി.ഒ, പൊലീസ്, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ, റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, ബസുടമ പ്രതിനിധികൾ, ബസ് തൊഴിലാളി സംഘടനാ പ്രതിനിധികൾ, സാമൂഹ്യ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. ഗതാഗതമന്ത്രി ഗണേശ്കുമാറിന്റെ നിർദ്ദേശാനുസരണമാണ് യോഗം.

നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ ബസ് സർവീസ് ആരംഭിച്ചിട്ടില്ലാത്തതും സർവീസ് നിറുത്തിപ്പോയിട്ടുള്ളതും യാത്രാക്ളേശം രൂക്ഷമായതുമായ റൂട്ടുകളിൽ പുതുതായി ബസ് പെർമിറ്റുകൾ അനുവദിക്കുന്നതിന് നിർദ്ദേശങ്ങൾ സമർപ്പിക്കാം.

വേങ്ങൂർ പഞ്ചായത്ത് ആറാംവാർഡിലെ വിദൂരപ്രദേശമായ ഇടമലയാർ ഡാമിന് അപ്പുറത്തുള്ള പോങ്ങൻചുവട് ആദിവാസിക്കുടിയിലേക്ക് ട്രാൻ. ബസ് അനുവദിക്കണമെന്ന എം.എൽ.എയുടെ ആവശ്യവും യോഗത്തിൽ പരിഗണിക്കും.

നിർദ്ദേശങ്ങൾ മുൻകൂട്ടി സമർപ്പിക്കുന്നതിന് പെരുമ്പാവൂർ ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറുമായോ 9446095868 എന്ന നമ്പറിലോ എം.എൽ.എ ഓഫീസുമായോ ഫോൺ: 9447218594 ബന്ധപ്പെടണമെന്ന് എൽദോസ് കുന്നപ്പിള്ളി അറിയിച്ചു.