road
മൂവാറ്റുപുഴ ടൗണിൽ വൈദ്യുതപോസ്റ്റുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള ആർ എം.യു (റിംഗ് മെയിൻ യൂണിറ്റുകൾ) സ്ഥാപിക്കുന്നതിനുള്ള നിർമ്മാണം ആരംഭിച്ചപ്പോൾ

മൂവാറ്റുപുഴ: ടൗൺ വികസനത്തിന്റെ ഭാഗമായി യൂട്ടിലിറ്റി ഷിഫ്റ്റിംഗിന് തുടക്കമായി. വൈദ്യുതപോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള ആർ.എം.യു (റിംഗ് മെയിൻ യൂണിറ്റുകൾ) സ്ഥാപിക്കുന്നതിനുള്ള നടപടികളാണ് തുടങ്ങിയത്. യൂട്ടിലിറ്റി ഷിഫ്റ്റിംഗ് ആവശ്യങ്ങൾക്കായി കെ.എസ്.ഇ.ബിക്ക് 3.1 6 കോടി രൂപയും വാട്ടർ അതോറിറ്റിക്ക് 1.95 കോടി രൂപയും കെ.ആർ.എഫ്.ബി അനുവദിച്ചിട്ടുണ്ട്.

കെ.എസ്.ഇ.ബിയുടെ വൈദ്യുതലൈനുകൾ മാറ്റുന്നതിന് മുമ്പായി വൈദ്യുതി വിതരണം സുഗമമായി നടത്തുന്നതിനുള്ള ആധുനിക സാങ്കേതിക ഉപകരണമായ ആർ.എം.യു സ്ഥാപിക്കണം. പി.ഒ ജംഗ്ഷൻ മുതൽ കച്ചേരിത്താഴംവരെയുള്ള ഭാഗങ്ങളിൽ ആർ.എം.യു സ്ഥാപിക്കുന്ന പ്രവൃത്തികൾക്കാണ് തുടക്കമിട്ടതെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു. ആർ.എം.യുകൾ സ്ഥാപിക്കുന്നതോടെ 11 കെ .വി ലൈനുകൾ ഭൂഗർഭ കേബിളിലേക്ക് മാറ്റും. പുതിയ കണക്ഷനുകൾ ലൈനുകൾ വലിക്കാതെ ആർ.എം.യുവിൽനിന്ന് കേബിൾവഴി നേരിട്ട് നൽകാനാകും. 23 ആർ.എം.യുകളാണ് നഗരത്തിൽ സ്ഥാപിക്കേണ്ടത്.