കൊച്ചി: ഭിന്നശേഷിക്കാർക്കും കാഴ്ചപരിമിതർക്കും ലിഫ്റ്റും ടോയ്ലെറ്റും ഉൾപ്പെടെ പ്രത്യേക സംവിധാനങ്ങൾ സ്കൂൾ കെട്ടിടത്തിന്റെ മുഴുവൻ നിലകളിലും ഒരുക്കിയാലേ അഫിലിയേഷൻ പുതുക്കി നൽകൂവെന്ന വ്യവസ്ഥയിൽ ഇളവ് അനുവദിച്ച് സി.ബി.എസ്.ഇ. താഴത്തെ നിലയിൽ സംവിധാനങ്ങൾ ഒരുക്കാമെന്ന സ്കൂൾ മാനേജ്മെന്റുകളുടെ നിർദ്ദേശം അംഗീകരിച്ചാണിത്.
പൊതുഇടങ്ങൾ ഭിന്നശേഷി സൗഹൃദമാകണമെന്ന നയത്തിന്റെ ഭാഗമായാണ് സ്കൂളുകളിലും പ്രത്യേകസൗകര്യങ്ങൾ ഒരുക്കാൻ നാലുവർഷം മുമ്പ് സി.ബി.എസ്.ഇ നിർദ്ദേശിച്ചത്. ഭിന്നശേഷി കുട്ടികളില്ലാത്ത സ്കൂളുകളിലും മുഴുവൻ നിലകളിലും ലിഫ്റ്റ്, റാമ്പ്, ടോയ്ലെറ്റ് തുടങ്ങിയവ ഒരുക്കുന്നത് വൻസാമ്പത്തിക ബാദ്ധ്യതയായിരുന്നു.
താഴത്തെ നിലയിൽ മുഴുവൻ സംവിധാനങ്ങളും നിർമ്മിക്കാമെന്ന് നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ സി.ബി.എസ്.ഇയെ അറിയിച്ചിരുന്നു.
പുതിയ നിർദ്ദേശങ്ങൾ
പ്രത്യേക സൗകര്യങ്ങൾ താഴത്തെ നിലയിൽ മാത്രം മതി
വീൽച്ചെയറിനായി റാമ്പ് നിർബന്ധം
വീൽച്ചെയർ, വാക്കർ എന്നിവ ഉപയോഗിക്കാവുന്ന വലിപ്പത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലെറ്റുകൾ
ശാരീരിക വൈകല്യമുള്ളവർക്ക് സഞ്ചരിക്കാൻ കഴിയുന്ന വിധത്തിൽ തറയോടുകൾ വിരിക്കണം
ടോയ്ലെറ്റിലേക്കുള്ള വഴിയിൽ ഹാൻഡ് റെയിലുകൾ സ്ഥാപിക്കണം
മുകൾനിലയിലെ മുറികളിൽ ഭിന്നശേഷിക്കാർ പഠിക്കുന്നുണ്ടെങ്കിൽ ലിഫ്റ്റുകൾ സ്ഥാപിക്കണം
ലിഫ്റ്റുകൾക്ക് നിശ്ചിത വലിപ്പവും നിറവുമുണ്ടാകണം
അംഗീകൃത ദിശാസൂചികകൾ സ്ഥാപിക്കണം
ഇന്ന് ലോക കലിഗ്രഫി
ദിനാഘോഷം
തിരു: ടൈപ്പോഗ്രഫി സൊസൈറ്റി ഒഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഇന്ന് ലോക കലിഗ്രഫി ദിനം ആഘോഷിക്കും. വൈകിട്ട് 6ന് നടക്കുന്ന ഓൺലൈൻ ചർച്ചയിൽ പ്രമുഖ കലിഗ്രഫിസ്റ്റുകളായ അച്ചുത് പാലവ്, അപൂർവ്വ ആനന്ദ്, ദിൽബാഗ് സിംഗ്, ഗീതിക ജയിൻ,രഘുനിത ഗുപ്ത, തരുൺ ദീപ് ഗിരിധർ എന്നിവർ പങ്കെടുക്കും. ബോംബെ ഐ.ഐ.ടിയിലെ പ്രൊഫ. ജി. വി. ശ്രീകുമാർ മോഡറേറ്ററായിരിക്കും.
www.hasgeek.com/tsi എന്ന സൈറ്റിൽ ലൈവ് സ്ട്രീമിംഗ് കാണാം.
രജിസ്ട്രേഷൻ നടപടികൾ സുതാര്യമായി, സൈറ്റിൽ എല്ലാം ലഭ്യം
തിുവനന്തപുരം: രജിസ്ട്രേഷനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇനിമുതൽ വിരൽ തുമ്പിൽ. രജിസ്ട്രേഷൻ വകുപ്പിന്റെ ഔദ്യോഗിക സൈറ്റിൽ (pearl.registration.kerala.gov.in) കടന്നാൽ വിശദാംശങ്ങളെല്ലാം ലഭ്യമാകുന്ന സംവിധാനം നിലവിൽ വന്നു.
കേന്ദ്രസർക്കാർ നിർദ്ദേശപ്രകാരം ഈസ് ഒഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായിട്ടാണിത്.
2024 ഏപ്രിൽ ഒന്നു മുതൽ ജൂലായ് 31 വരെയുള്ള വിവരങ്ങളാണ് ഇപ്പോൾ ഉൾപ്പെടുത്തിയിട്ടുള്ളത്. ആകെ രജിസ്റ്റർ ചെയ്ത ആധാരങ്ങൾ, മറ്റ് രജിസ്ട്രേഷനുകൾ, വരുമാനം തുടങ്ങി എല്ലാ കാര്യങ്ങളും അറിയാം. സംസ്ഥാനത്തൊട്ടാകെയുള്ള കണക്കുകളും ജില്ലതിരിച്ചുള്ള കണക്കുകളും ആധാര രജിസ്ട്രേഷനിൽ ഏർപ്പെട്ടിട്ടുള്ള കക്ഷികളുടെ പേരും പുരുഷൻ, സ്ത്രീ, ട്രാൻസ്ജെൻഡർ എന്നിങ്ങനെ വേർതിരിച്ച് അറിയാനാവും.
പ്രവൃത്തി സമയങ്ങളിൽ ഓരോ മണിക്കൂർ ഇടവിട്ട് വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യും. മാത്രമല്ല, ഓരോ ദിവസവും നടന്നിട്ടുള്ള രജിസ്ട്രേഷനും അതിലൂടെ കിട്ടിയ വരുമാനവും വൈകിട്ട് തന്നെ അറിയാനുമാവും.