ഒരു സെക്കൻഡിൽ 1,27,000 ഘനയടി വീതമെന്ന തോതിൽ വെള്ളം പുറത്തേക്ക് ഒഴുക്കാൻ ശേഷിയുള്ള സ്‌പിൽവേയിലൂടെ ഒരു അടിയന്തര സാഹചര്യത്തിൽ അത്രയും ജലം ഒഴുക്കിവിടേണ്ടിവന്നാൽ പെരിയാറിന്റെ തീരത്തെ മനുഷ്യവാസ മേഖലയിൽ അത് സൃഷ്ടിച്ചേക്കാവുന്ന ആഘാതങ്ങൾ എന്തെല്ലാമെന്നതിനെക്കുറിച്ച് ഇന്നോളം ആരും ഒരു പഠനവും നടത്തിയിട്ടില്ല! ഏതേത് മേഖലകളിൽ എത്ര അടി വീതം വെള്ളം കയറുമെന്നോ, ഒഴിപ്പിക്കേണ്ടിവരുന്നത് എത്ര കുടുംബങ്ങളെയെന്നോ ഒരു കണക്കും കൈവശമില്ല!
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പേരിൽ അനാവശ്യ ഭീതി പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രിയും ജലവിഭവ മന്ത്രിയും ആവർത്തിച്ച് പറയുന്നുണ്ട്. അണക്കെട്ടിന് ബലക്ഷയമുണ്ടെന്നും, ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആദ്യം പറഞ്ഞത് 1979-ൽ, അന്നത്തെ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയ ആണ്. അന്നുതൊട്ടിങ്ങോട്ട് ഓരോ പ്രളയകാലത്തും അണക്കെട്ടിന്റെ താഴ്‌വരയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചും അഗ്നിശമന സേനയുടെ മുങ്ങൽ വിദഗ്ദ്ധർ ഉൾപ്പെട്ട പ്രത്യേക സംഘത്തെയും കൂടുതൽ പൊലീസിനെയും വിന്യസിച്ചും ദുരന്തനിവാരണ മുന്നൊരുക്കങ്ങൾ നടത്തുന്നത് ജനങ്ങളല്ല.
വൈദ്യുതി ബോർഡിന്റെയും ജലവിഭവ വകുപ്പിന്റെയും നിയന്ത്രണത്തിൽ സംസ്ഥാനത്ത് 37പ്രധാന അണക്കെട്ടുകൾ വേറെയുമുണ്ട്. അവിടെയാന്നുമില്ലാത്ത മുന്നൊരുക്കങ്ങളാണ് മുല്ലപ്പെരിയാർ താഴ്വരയിൽ മാത്രം നടത്തുന്നത്. ഇപ്പോഴത്തെ അണക്കെട്ടിനു പകരം പുതിയ അണക്കെട്ട് നിർമ്മിക്കുമെന്ന പ്രഖ്യാപനവുമായി 2007 നവംബർ 19-ന് കുമളിയിൽ ജലവിഭവ വകുപ്പിന്റെ ഇൻവെസ്റ്റിഗേഷൻ ഓഫീസ് തുറന്നത് വി.എസ്. അച്യുതാനന്ദൻ സർക്കാരാണ്. ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിൽ ജലവിഭവ വകുപ്പ് സൂപ്രണ്ടിംഗ് എൻജിനിയർ എഴുതി വായിച്ച സന്ദേശത്തിൽ അണക്കെട്ടിന്റെ അപകടാവസ്ഥ വിവരിച്ചത് ഇങ്ങനെ: 'മൂന്നുലക്ഷത്തോളം ജനങ്ങളുടെ പ്രാണനും സ്വത്തിനും ഭീഷണിയുയർത്തി നിൽക്കുന്ന, പഴയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച അണക്കെട്ടിനു പകരം പുതിയത് നിർമ്മിക്കാതെ മറ്റൊരു പോംവഴിയുമില്ല!"
കണക്കുകളും
കണ്ണടയ്ക്കലും
2011ഏപ്രിൽ മുതൽ നവംബർ 26 വരെ ഹൈറേഞ്ച് മേഖലയിൽ തുടർച്ചയായി അനുഭവപ്പെട്ട 25 ചെറുഭൂചലനങ്ങളെത്തുടർന്ന് അണക്കെട്ടിന്റെ താഴ്വരയിൽ നിന്ന് അറബിക്കടലോളം സംഘടിപ്പിച്ച മനുഷ്യച്ചങ്ങല ഉദ്ഘാടനം ചെയ്തത് അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയും, ഇന്ന് സംസ്ഥാന മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ആണ്. ഇതേ കാലത്ത് ഇടുക്കി ചപ്പാത്തിലെ പെരിയാർ തീരവാസികളുടെ അതിജീവന പോരാട്ട സമരത്തിന്റെ ഭാഗമായി നിരാഹാര സമരം നടത്തിയ എം.എൽ.എ ആണ് ഇന്ന് ജലവിഭവ മന്ത്രിയായ റോഷി അഗസ്റ്റിൻ. അന്നത്തെ ചിത്രങ്ങളും ഇരുവരുടെയും പ്രസംഗങ്ങളും സമൂഹ മാദ്ധ്യമങ്ങളിൽ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. റിക്ടർ സ്കെയിലിൽ ആറോ അതിലധികമോ തീവ്രതയുള്ള ഭൂചലനമുണ്ടായാൽ അണക്കെട്ട് തകരുമെന്ന് മുന്നറിയിപ്പു നൽകിയത് റൂർക്കി ഐ.ഐ.ടിയിലെ ശാസ്ത്രജ്ഞരാണ്. ഡാമിൽ 136 അടിക്കു മീതെ ജലം സ്ഥിരമായി സംഭരിക്കുന്നത് അപകടമാണെന്നു കണ്ടെത്തിയത് ഡൽഹി ഐ.ഐ.ടി. ഇതെല്ലാം അറിയാവുന്ന ജനങ്ങളോട്, അണക്കെട്ട് സുരക്ഷിതമാണെന്ന് ആരെങ്കിലും പറഞ്ഞാൽ വിശ്വസിക്കുമോ?
1947-ൽ ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ ഇന്ത്യ ഇൻഡിപെൻഡൻസ് ആക്ടിലൂടെ സ്വാഭാവികമായി കാലഹരണപ്പെട്ടു പോകുമായിരുന്ന 1886-ലെ മുല്ലപ്പെരിയാർ പാട്ടക്കരാറിനെ വീണ്ടുവിചാരമില്ലാതെ പുതുക്കിയ 1970- ലെ സി. അച്ചുതമേനോൻ സർക്കാരിന്റെ കൈപ്പിഴയാണ് ഇന്നും പെരിയാർ തീരത്തെ ജനങ്ങൾ നേരിടുന്ന ആശങ്കാജനകമായ അന്തരീക്ഷത്തിന് ആധാരം. ഇന്ത്യ ഇൻഡിപ്പെൻഡൻസ് ആക്ട് നിലവിൽ വരുന്നതിനും ആറു വർഷം മുമ്പ്, 1941-ൽ മുല്ലപ്പെരിയാർ പാട്ടക്കരാറിന് മരണമണി മുഴങ്ങിയതാണ്. എന്നാൽ, അന്ന് മൗണ്ട് ബാറ്റൺ പ്രഭുവിന്റെ നിലപാട് മദ്രാസ് സർക്കാരിന് അനുകൂലമായിരുന്നതുകൊണ്ട് കരാർ റദ്ദാക്കപ്പെട്ടില്ലെന്നു മാത്രം. ആ പാട്ടക്കരാറാണ് അച്ചുതമേനോൻ സർക്കാർ കണ്ണുമടച്ച് പുനരുജ്ജീവിപ്പിച്ചത്.
അവസരങ്ങൾ
കളഞ്ഞുകുളിച്ചു
സംസ്ഥാന രൂപീകരണം മുതൽ 1969-വരെ മുല്ലപ്പെരിയാർ പാട്ടക്കരാറിൽ കേരളത്തിന് അനുകൂലമായി ഏതു ഭേദഗതിയും എഴുതിച്ചേർത്ത് പുതുക്കാനോ ഉപേക്ഷിക്കാനോ നിരവധി അവസരങ്ങളുണ്ടായിരുന്നിട്ടും ഫലപ്രദമായി വിനിയോഗിക്കാതിരുന്ന എല്ലാ സർക്കാരുകളും ഇന്നത്തെ ദുരവസ്ഥയക്ക് ഉത്തരവാദികളാണ്. 1958 നവംബർ 9-നാണ് മുല്ലപ്പെരിയാർ പാട്ടക്കരാർ പുതുക്കണമെന്ന അഭ്യർത്ഥനയുമായി തമിഴ്നാട് മുഖ്യമന്ത്രി കെ. കാമരാജ്, അന്നത്തെ കേരള മുഖ്യമന്ത്രി ഇ.എം.എസിനു മുന്നിലെത്തുന്നത്. കേരളം മുന്നോട്ടുവയ്ക്കുന്ന ഏതു വ്യവസ്ഥയും അംഗീകരിക്കേണ്ട പ്രത്യേക സാഹചര്യവും അന്ന് തമിഴ്നാടിനു മുന്നിലുണ്ടായിരുന്നു.
1886-ലെ പാട്ടക്കരാറിലെ വ്യവസ്ഥകൾക്കു വിരുദ്ധമായി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം ഉപയോഗിച്ച് ലോവർ ക്യാമ്പിൽ വൈദ്യുതി ഉത്പാദനം തുടങ്ങിയ തമിഴ്നാടിന് അതിന്റെ സാധൂകരണത്തിന് കേരളത്തിന്റെ കനിവ് ആവശ്യമായിരുന്നു. കരാർ ലംഘിച്ചുള്ള വൈദ്യുതി ഉത്പാദനത്തിന് ആദ്യം തടയിട്ടത് 1941-ൽ തിരുവിതാംകൂർ ദിവാൻ സർ സി.പി. രാമസ്വാമി അയ്യർ ആയിരുന്നു. നിയമപരമായി സർ സി.പി വിജയിച്ചെങ്കിലും തമിഴ്നാടിന് അനുകൂലമായ ബ്രിട്ടീഷ് സ്വാധീനത്തിനു മുന്നിൽ തോൽവി സമ്മതിക്കേണ്ടി വന്നു. തങ്ങൾക്കുള്ള ബ്രട്ടീഷ് പിന്തുണ എക്കാലവും കൂടെയുണ്ടാകുമെന്ന വിശ്വാസത്തോടെ തമിഴ്നാട് വൈദ്യുതി ഉത്പാദന പദ്ധതിയുമായി മുന്നോട്ടു പോയി. പക്ഷേ പദ്ധതിക്ക് തറക്കല്ലിട്ടതും നിർമ്മാണം തുടങ്ങിയതും ഇന്ത്യ സ്വതന്ത്രമായതിനു ശേഷമാണ്.
1955 ഫെബ്രുവരി 11-ന് മുഖ്യമന്ത്രി കെ. കാമരാജ് ലോവർ ക്യാമ്പിലെ വൈദ്യുതി നിലയം ഉദ്ഘാടനം ചെയ്തു. ആ ധിക്കാര നടപടിക്ക് നിയമസാധുത നേടുകയെന്നതു മാത്രമല്ല, എല്ലാക്കാലത്തും ആവശ്യത്തിന് വെള്ളം ലഭിക്കുകയും വേണം. അതുകൊണ്ടുതന്നെ, അന്ന് ഇ.എം.എസ് സർക്കാർ അവഗണിച്ചെങ്കിലും 1960 ജൂലായ് നാലിന് മുഖ്യമന്ത്രി പട്ടം താണുപിള്ളയുടെ മുന്നിലും, 1969 മേയ് 10-ന് രണ്ടാം ഇ.എം.എസ് സർക്കാരിനു മുന്നിലും തമിഴ്നാട് വീണ്ടും അപേക്ഷയുമായി എത്തി. അന്നൊന്നും പരിഗണിക്കാതിരുന്ന വിഷയമാണ് 1970 മേയ് 29-ന് അച്യുതമേനോൻ സർക്കാർ തമിഴ്നാടിന് അനുകൂലമായി മുൻകാല പ്രാബല്യത്തോടെ കരാർ പുതുക്കി നൽകിയത്! ഉദ്ദേശിച്ചതുപോലെ കാര്യങ്ങൾ കൈപ്പിടിയിലായപ്പോൾ മുതൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നടത്തിപ്പിലും മേൽനോട്ടത്തിലും തമിഴ്നാടിന്റെ തന്നിഷ്ടവും ധിക്കാരവും തുടരുന്നു!
(തുടരും)