കൊച്ചി: ഗുണ്ടകളെന്ന് തെറ്റുദ്ധരിച്ച് തമിഴ്‌നാട് പൊലീസിനെതിരെ കേസെടുത്ത് സിറ്റി പൊലീസ്. നിജസ്ഥിതി തിരിച്ചറിഞ്ഞതോടെ മരട് സ്വദേശിയായ യുവാവിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത തട്ടിക്കൊണ്ടുപോകൽ കേസ് റദ്ദാക്കാൻ നടപടി തുടങ്ങി. എറണാകുളം മരട് പൊലീസിനാണ് അബദ്ധംപിണഞ്ഞത്. കഴിഞ്ഞമാസം 28ന് മരട് ഐനി ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന 60കാരനെ രണ്ട് കാറുകളിലായി എത്തിയ അഞ്ചംഗ സംഘം വീട്ടിൽ നിന്ന് ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയെന്നായിരുന്നു പരാതി.
കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കടത്തിക്കൊണ്ടുപോയ വാഹനങ്ങൾ തമിഴ്‌നാട് ചെങ്കോട്ട പൊലീസിന്റേതാണെന്ന് കണ്ടെത്തിയതോടെ പൊലീസിന് അബദ്ധം മണത്തുത്തുടങ്ങി.
പിന്നാലെ ചെങ്കോട്ട ഇൻസ്‌പെക്ടർ മരട് പൊലീസിനെ വിളിച്ച് നടന്ന സംഭവങ്ങൾ വിവരിക്കുകയും കേസ് റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുകയുമായിരുന്നു. ചെങ്കോട്ട പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറും കൈമാറിയിട്ടുണ്ട്. ഇവ വൈകാതെ കോടതിക്ക് മുന്നിൽ ഹാജരാക്കി മരട് പൊലീസ് രജിസ്റ്റർചെയ്ത എഫ്.ഐ.ആർ റാദ്ദാക്കാൻ അപേക്ഷ നൽകും.
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതിന് ചെങ്കോട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ മുഖ്യപ്രതിയാണ് 60കാരന്റെ ഒരു മകൻ. തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. എഫ്.ഐ.ആർ റദ്ദാക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ട് കോടതിക്ക് കൈമാറുമെന്നും മരട് പൊലീസ് വൃത്തങ്ങൾ കേരളകൗമുദിയോട് പറഞ്ഞു.
ജോലി തട്ടിപ്പിലെ ആക്ഷൻ
യുവാക്കളിൽ നിന്ന് വാങ്ങിയ പണം 60കാരന്റെ അക്കൗണ്ടിലേക്കും വന്നതായും പിൻവലിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയതോടെ ഇയാളെയും രണ്ടാം പ്രതിയാക്കി. രാത്രി ഒമ്പതോടെ വീട്ടിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 60കാരന്റെ മറ്റൊരു മകനാണ് സ്‌റ്റേഷനിലെത്തി പരാതി നൽകിയത്. ഗുണ്ടകളെന്ന് പരാതിയിൽ പറഞ്ഞതിനാൽ ഇതേ വകുപ്പ് ചുമത്തുകയായിരുന്നു.
പതിവ് തെറ്റിച്ച് നടപടി
മറ്റൊരു സംസ്ഥാനത്തെത്തി പ്രതിയെ പിടികൂടാൻ ചില നടപടികൾ പാലിക്കണം. കസ്റ്റഡിയിലെടുത്താൻ അവിടുത്തെ മജിസ്ട്രേറ്റിന് മുന്നിൽ പ്രതിയെ ഹാജരാക്കി പ്രോഡക്ഷൻ വാറണ്ട് വാങ്ങണം. എന്നാൽ കേസിൽ ഇതുണ്ടായില്ല. സാധാരണ ലോക്കൽ പൊലീസിന്റെ സഹായം തേടുന്നതും പതിവാണ്. പരാതി ലഭിക്കുമ്പോഴാണ് ലോക്കൽ പൊലീസ് വിവരമറിയുന്നത്.