കൊച്ചി: വ്യാപാരികളുടെയും സമീപവാസികളുടെയും പേടിസ്വപ്നമായ തേവര പഴയ മാർക്കറ്റ് ഉടൻ പൊളിച്ചുമാറ്റും. ഇതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. മാർക്കറ്റിലെ കച്ചവടക്കാരെ മാർക്കറ്റിന് പിന്നിലെ തീരദേശ വികസന കോർപ്പറേഷൻ നിർമ്മിച്ച കെട്ടിടത്തിലേക്ക് മാറ്റി. ഇവിടെ എട്ട് കടമുറികളാണുള്ളത്. മാർക്കറ്റ് പൊളിച്ചു നീക്കുന്നതിന് ടെൻഡർ നൽകിയിട്ടുണ്ട്. 23 സ്റ്റാളുകളാണ് പഴയ മാർക്കറ്റിലുണ്ടായിരുന്നത്. ഇതിൽ ഏഴോളം പേർക്ക് പുനരധിവാസം നൽകിയിട്ടില്ല. പുതിയ മാർക്കറ്റ് നിർമ്മിക്കുമ്പോൾ ഇവരെ ഉൾപ്പെടുത്തും. ഏതുസമയവും നിലംപതിക്കാവുന്ന അവസ്ഥയിലാണ് മാർക്കറ്റ്.
180 ഓളം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ്. കൊച്ചി കൊർപ്പറേഷൻ 1973ൽ നിർമ്മിച്ച കെട്ടിടം
പ്രദേശവാസികളുടെയും വിവിധ റസിഡൻസ് അസോസിയേഷനുകളുടെയും ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്‌മെന്റിന്റെയും നിരന്തര പരാതികളെ തുടർന്നാണ് 2018ൽ കെട്ടിടം പൊളിച്ചു നീക്കാൻ തീരുമാനിച്ചത്.
മാറ്റാനുള്ളത് ഒരാളെ മാത്രം
പഴയ മാർക്കറ്റിലെ ഒരു കച്ചവടക്കാരനെ മാത്രമെ മാറ്റാനുള്ളൂ. ഇദ്ദേഹത്തിന് നൽകിയിരിക്കുന്ന സ്ഥലത്ത് വെള്ളം കയറുന്ന സാഹചര്യമുണ്ട്. ഇത് പരിഹരിച്ച ശേഷം ഇദ്ദേഹത്തെ ഉടനെ തീരദേശ വികസന കോർപ്പറേഷന്റെ കെട്ടിടത്തിലേക്ക് മാറ്രും.
പുതിയ മാർക്കറ്റ്
പുതിയ തേവര മാർക്കറ്റിന്റെ നിർമ്മാണത്തിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പ്രൊപ്പോസൽ തയ്യാറാക്കിയിട്ടുണ്ട്. മൂന്ന് നിലകളിലായാണ് പുതിയ മാർക്കറ്റ് നിർമ്മിക്കുക. നിർമ്മാണ ചെലവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും തീരുമാനമായിട്ടില്ല. പഴയ മാർക്കറ്റ് പൊളിച്ച ശേഷം ഇതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കുമെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു.
മാർക്കറ്റ് പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട യോഗങ്ങൾ നടക്കുകയാണ്. ഈ മാസം തന്നെ പൊളിച്ചു നീക്കാനാണ് ലക്ഷ്യം. പുനരധിവസിപ്പിക്കാനുള്ള ഒരാളെക്കൂടി മാറ്റിക്കഴിഞ്ഞാൽ ഉടൻ തന്നെ കെട്ടിടം പൊളിച്ചു നീക്കും
ബെൻസി ബെന്നി
കൗൺസിലർ