കൊച്ചി: അമ്മമാർക്കും കുട്ടികൾക്കും ഇഷ്ടപ്പെട്ട പുസ്തകം വീട്ടിലെത്തിച്ചു നൽകാൻ ഉദയംപേരൂരിലെ വായനാമുറ്റം ഗ്രന്ഥപ്പുര നടപ്പിലാക്കുന്ന 'പുസ്തകസഞ്ചി' എട്ടാം വർഷവും മുടക്കമില്ലാതെ മുന്നോട്ട്. വാർഡിലെ അയൽക്കൂട്ടങ്ങളിൽ നിന്ന് ഓരോ ലൈബ്രേറിയനെ വീതം തിരഞ്ഞെടുത്ത് അവർ വഴി പുസ്തകങ്ങൾ എത്തിക്കുന്ന പദ്ധതിയാണ് പുസ്തകസഞ്ചി. വായനാമുറ്റം സ്വയം തൊഴിൽ സംരംഭമായ പേൾ യൂണിറ്റ് തയ്യാറാക്കിയ പ്രത്യേക തുണിസഞ്ചിയാണ് ഇതിനായി ഉപയോഗിക്കുന്നത്. കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ.കെ. ദാസ് വായനാമുറ്റം വയോജന വേദി പ്രസിഡന്റ് ദേവകി വേലപ്പന് പുസ്തകസഞ്ചി കൈമാറി ഉദ്ഘാടനം നിർവഹിച്ചു. വായനാമുറ്റം സെക്രട്ടറി സൗമ്യ വേലപ്പൻ അദ്ധ്യക്ഷത വഹിച്ചു. മെയ്ഡ പുഷ്പാംഗദൻ, ജയശ്രീ സുരേന്ദ്രൻ, ശിവാനി, സിനിജ വിഷാദ്, രഞ്ജിനി നന്ദു തുടങ്ങിയവർ സംസാരിച്ചു.