dog

കൊച്ചി: നാടെന്നോ നഗരമെന്നോ വ്യത്യാസമില്ല. ജില്ലായാകെ തെരുവുനായ്ക്കൾ വിറപ്പിക്കുന്നു. കഴിഞ്ഞദിവസം പറവൂർ ആലങ്ങാട് മേഖലയിൽ 5 പേർക്കു തെരുവുനായ്ക്കളുടെ കടിയേറ്റു. ആലങ്ങാട് എഴുവച്ചിറ തുരുത്ത് നിവാസികളാണ് ആക്രമണത്തിന് ഇരയായത്. തെരുവുനായകളെ വന്ധ്യംകരിക്കാനുള്ള എ.ബി.സി പദ്ധതി ജില്ലയിൽ സ്തംഭിച്ചതോടെ നായ്ക്കൾ വിഹരിക്കുകയാണ്.

കൊച്ചി നഗരസഭയുടെയുടേതടക്കം ആനിമൽ ബർത്ത് കൺട്രോൾ ഫോർ ഡോഗ് പ്രവർത്തനരഹിതമായി കിടക്കാൻ തുടങ്ങിയിട്ട് നാളുകളായി. ആക്രമണങ്ങളും പേവിഷ ബാധ അടക്കം സ്ഥിരീകരിച്ചിട്ടും ഇവയെ നിയന്ത്രിക്കാൻ നടപടിയില്ല. കഴിഞ്ഞ മേയിൽ ആലുവ, മൂവാറ്റുപുഴ, കളമശേരി എന്നിവിടങ്ങളിൽ ആക്രമണം നടത്തിയ നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. ഈ കാലയളവിൽ കുട്ടികളടക്കമുള്ള 20ൽ അധികം പേർക്ക് ഒരുമാസത്തിനിടെ തെരുവുനായ ആക്രമണം നേരിട്ടു. കൊച്ചി നഗരത്തിൽ തിരക്കേറിയ എറണാകുളം നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും, കെ.എസ്.ആർ.ടി.സി, കലൂർ ബസ് സ്റ്റാൻഡ്, വൈറ്റില ഹബ്ബ് എന്നിവിടങ്ങളിലുമാണ് സ്ഥിതി രൂക്ഷം. ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലും റെയിൽവേ പ്ലാറ്റ് ഫോമുകളിലും നായ്ക്കൾ വഹരിക്കുന്നത് യാത്രക്കാർക്കും ഭീഷണിയാണ്.

വില്ലനാകുന്ന
മാലിന്യം തള്ളൽ

പല സ്ഥലങ്ങളിലും മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നതും മാലിന്യം യഥാസമയം നീക്കം ചെയ്യാത്തതും അറവുശാലകളിൽ നിന്നുള്ള മാലിന്യങ്ങൾ റോഡരികിൽ തള്ളുന്നതും തെരുവുനായകൾ വർദ്ധിക്കാൻ കാരണമാണ്. രാവിലെ നടക്കാനിറങ്ങുന്നവർ വടിയും കൈയിൽ കരുതിയാണ് ഇറങ്ങുന്നത്. തെരുവുനായക്കളുടെ ശല്യം രൂക്ഷമായതോടെ പലരും രാവിലയുള്ള നടത്തം തന്നെ ഉപേക്ഷിച്ചിട്ടുണ്ട്.

നഗരത്തിൽ തെരുവ് നായകൾ ജനങ്ങൾക്ക് നിരന്തരം ഭീഷണിയായി മാറുകയാണ്. നായ്ക്കൾ കൂട്ടമായി ആക്രമിക്കുമ്പോൾ ഓടിരക്ഷപ്പെടാൻ പോലും കഴിയാത്ത അവസ്ഥയാണ്. നിയമത്തിന്റെ പേര് പറഞ്ഞ് നോക്കിനിൽക്കാൻ കഴിയാത്ത സാഹചര്യമാണ്. അടിയന്തരമായി നായകളെ പിടികൂടി ബ്രഹ്മപുരത്ത് എ.ബി.സി പദ്ധതി പ്രദേശത്തേക്ക് മാറ്റണം
ആന്റണി കുരീത്തറ
പ്രതിപക്ഷ നേതാവ്
കൊച്ചി നഗരസഭ