ആലുവ: ഗ്രാമപഞ്ചായത്തുകൾ ഡീസൽചെലവ് വഹിക്കുന്ന 'ഗ്രാമവണ്ടി' സംവിധാനത്തിൽ സ്വകാര്യ ബസുകളെയും പരിഗണിക്കണമെന്ന് ആലുവയിൽ മോട്ടോർ വാഹനവകുപ്പ് വിളിച്ചുചേർത്ത ജനകീയസദസ് ഗതാഗതവകുപ്പിനോട് ആവശ്യപ്പെട്ടു.
കെ.എസ്.ആർ.ടി.സിക്ക് ഗ്രാമപഞ്ചായത്തുകൾ നൽകുന്ന തുകയുടെ പകുതിതുക നൽകിയാൽ ഉൾപ്രദേശങ്ങളിലേക്ക് സർവീസ് നടത്താമെന്ന് ബസുടമകളുടെ സംഘടന യോഗത്തെ അറിയിച്ചതിനെ തുടർന്നാണ് തീരുമാനം. അതേസമയം ഗ്രാമവണ്ടി ലാഭത്തിലായെങ്കിലും കെ.എസ്.ആർ.ടി.സി ഡീസൽ തുകയായ ഒരുലക്ഷംരൂപ ഈടാക്കുകയാണെന്ന പരാതി ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഷംസുദ്ദീൻ ഉന്നയിച്ചു. 1.75ലക്ഷം വരുമാനമായ സ്ഥിതിക്ക് പഞ്ചായത്ത് നൽകുന്ന തുക മടക്കി നൽകണമെന്നും ആവശ്യപ്പെട്ടു.
അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർമാരായ പി.വി. വർഗീസ്, എം.എൻ. പ്രഭാകരൻ, പി.ജെ. ആന്റണി, എറണാകുളം ആർ.ടി.ഒ കെ. മനോജ്, കെ.എം. രാജീവ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
യോഗത്തിലെ ആവശ്യങ്ങൾ
1 മഹിളാലയം പാലംവഴി കാലടി മേഖലയിലേക്കും തോട്ടക്കാട്ടുകരവഴി മണപ്പുറം, 2 കുന്നത്തേരിവഴി മെഡിക്കൽ കോളേജ് ഭാഗങ്ങളിലേക്കും ബസുകൾ വേണം
3 പുക്കാട്ടുപടിയിൽ ബസ് സ്റ്റാൻഡും ടെയ്‌ലെറ്റ് ബ്ലോക്കും വേണം.
4 നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വൺവേ സമ്പ്രദായം പുന:സ്ഥാപിക്കണം
പുതിയ പെർമിറ്റിനുള്ള അപേക്ഷlS ആർ.ടി.ഒf;ക്ക് അയക്കും. പരാതികൾ സമയബന്ധിതമായി തീർക്കും.
കെ.എസ്. ബിനീഷ്,
ആലുവ ജോയിന്റ് ആർ.ടി.ഒ
ദേശീയപാതയിലെ കുരുക്കഴിക്കാൻ പുളിഞ്ചോടുമുതൽ ദേശംവരെ എലവേറ്റഡ് ഹൈവേ വേണം. അല്ലെങ്കിൽ മാർത്താണ്ഡവർമ്മ പാലത്തിനോട് സമാന്തരമായി പടിഞ്ഞാറുഭാഗത്ത് പാലം വേണം.
അൻവർ സാദത്ത് എം.എൽ.എ
കെ.എസ്.ആർ.ടി.സിയുമായി തർക്കം
സ്വകാര്യ സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി കയറണമെന്ന നഗരസഭ കൗൺസിലർമാരുടെ ആവശ്യം തർക്കത്തിനിടയാക്കി. കെ.എസ്. ആർ.ടി.സി കൺട്രോളിംഗ് ഓഫീസർ രാജീവാണ് എതിർപ്പുയർത്തിയത്. കൊവിഡ് കാലത്തെന്നപോലെ സ്വകാര്യ ബസുകൾ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ കയറണമെന്ന് നഗരസഭ കൗൺസിലർമാർ ആവശ്യപ്പെട്ടു. സമയം, ഡീസൽ നഷ്ടം എന്നിവ ഉണ്ടാക്കുമെന്നാണ് കെ.എസ്.ആർ.ടി.സി നിലപാട്. വിഷയം കോടതിയിലായതിനാൽ വിധിക്കുശേഷം തീരുമാനിക്കാനായി മാറ്റി.