fish

വൈപ്പിൻ: മത്സ്യലഭ്യത കുറഞ്ഞതോടെ കടലിലേക്ക് പോകാതെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. ട്രോളിംഗ് നിരോധനം നീങ്ങിയതോടെ കടലിൽ മത്സ്യലഭ്യത കുറഞ്ഞു തന്നെയാണ് കൂടാതെ കിട്ടുന്ന മീനിന് വിലയിലും കുറവ് വന്നിട്ടുണ്ട്.
ഒരു കൂട്ടം ബോട്ടുകാർ പെയർ പെലാജിക് വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നത് കടൽ സമ്പത്ത് ഇല്ലാതാക്കുന്നു. രാത്രിയിൽ പെലാജിക് വല ഉപയോഗിക്കുന്നതാണ് കൂടുതൽ അപകടകരം. രാത്രി മുകൾ തട്ടിലേക്ക് എത്തുന്ന മീനുകൾ കൂട്ടത്തോടെ പെലാജിക് വലകളിൽ കുടുങ്ങുന്നു. നിരോധിക്കപ്പെട്ട പെലാജിക് വലകളാണ് ഉപയോഗിക്കുന്നത്. അന്യസംസ്ഥാനക്കാരാണാണ് ആക്ഷേപം.

 സ്വകയർ മെഷ് വലകൾ ഉപയോഗിക്കണം
മത്സ്യബന്ധനത്തിന് സർക്കാർ നിർദ്ദേശിച്ചിട്ടുള്ള സ്വകയർ മെഷ് വലകൾ ഉപയോഗിക്കുന്നതാണ് അഭികാമ്യം. ഈ വലകളിൽ ചെറിയ മീനുകൾ കുടുങ്ങില്ല. കടലിലെ മത്സ്യസമ്പത്ത് നിലനിറുത്താൻ ഇതാണ് മാർഗം.

 ഇറക്കുമതി നിരോധനം പ്രതിസന്ധി
അമേരിക്ക ഇറക്കുമതി നിരോധിച്ചതോടെ ചെമ്മീനിനും മീനിനും വില കുത്തനെ ഇടിഞ്ഞു. മത്സ്യബന്ധനത്തിനിടയിൽ കടലാമകൾ പിടിക്കപ്പെടാതിരിക്കാൻ ബോട്ടുകളുടെ വലകളിൽ ടർപ്പിൾ എക്‌സ്‌ക്ലൂഡർ ഡിവൈസ് (ടിഇഡി) പിടിപ്പിക്കണമെന്നാണ് അന്താരാഷ്ട്ര മറൈൻ റഗുലേഷൻ ആക്ട്. ഇന്ത്യയിലെ ബോട്ടുകൾ ഈ നിയമം പാലിക്കാത്തതിനാലാണ് അമേരിക്ക ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് വിലക്ക് ഏർപ്പെടുത്തിയത്. വിലക്ക് മറികടക്കണമെങ്കിൽ വലകളിൽ ടിഇഡി ഘടിപ്പിക്കുന്നത് നിയമം മൂലം നടപ്പാക്കേണ്ടി വരും.ടിഇഡി വലകളിൽ ഘടിപ്പിക്കുന്നതിന് അരലക്ഷത്തോളം രൂപ ചെലവ് വരും. ഇത് താങ്ങാൻ സാധിക്കാത്ത സ്ഥിതിയാണ്.

 രാത്രികാല ട്രോളിംഗ് വേണം

രാത്രികാല ട്രോളിംഗ് ആണ് മറ്റൊരു ഗുരുതരപ്രശ്‌നം. പകൽ മാത്രം മത്സ്യബന്ധനം നടത്തുന്നവരാണ് പരമ്പരാഗതക്കാർ. രാവിലെ കടലിൽ ഇറങ്ങി വൈകിട്ടോടെ ഇവർ കരയിലെത്തും. എന്നാൽ ബോട്ടുക്കാർ ഒരാഴ്ച്ചയും മറ്റും കടലിൽ തങ്ങും. പലരും രാത്രിയിലും ട്രോളിംഗ് തുടരും. രാത്രികാല ട്രോളിംഗ് നിരോധനമാണ് പ്രതിവിധിയെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.

സ്വകയർ മെഷ് വലകൾ വലകൾ മാത്രം ഉപയോഗിക്കുന്നതിന് സർക്കാർ നിയമം കൊണ്ടുവരണം.

പി.വി ജയൻ

ജനറൽ സെക്രട്ടറി

കേരള പരമ്പരാഗതമത്സ്യതൊഴിലാളി യൂണിയൻ