കൊച്ചി: ബസ് അപകടത്തിൽ ഇടതുകൈ നഷ്ടപ്പെട്ട യുവാവിന് ഇൻഷ്വറൻസ് തുക പൂർണമായും നൽകാൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവ്. നവി ജനറൽ ഇൻഷ്വറൻസ് കമ്പനിക്കെതിരെ വൈക്കം സ്വദേശി വിഷ്ണുരാജ് സമർപ്പിച്ച കേസിലാണ് ഉത്തരവ്.

2020 ജനുവരി ഒന്നിനാണ് പറവൂരിൽ ഉണ്ടായ ബസ് അപകടത്തിൽ വിഷ്ണാരാജിന്റെ ഇടതുകൈ പൂർണ്ണമായും നഷ്ടമായത്. ഗ്രൂപ്പ് ക്രിട്ടിക്കൽ ഇൽനെസ് ഇൻഷ്വറൻസ് പോളിസിയിൽ ചേർന്നിരുന്ന യുവാവ് ഇൻഷ്വറൻസ് തുക ലഭിക്കുന്നതിനുവേണ്ടി അപേക്ഷിച്ചെങ്കിലും നിരസിക്കപ്പെട്ടു. പിന്നീട് ഇൻഷ്വറൻസ് ഓംബുഡ്‌സ്മാനെ പരാതിക്കാരൻ ആദ്യം സമീപിച്ചു. ഇൻഷ്വറൻസ് തുക നൽകണമെന്ന് ഓംബുഡ്‌സ്മാൻ നിർദ്ദേശവും നൽകി. എന്നിട്ടും ഉത്തരവ് നടപ്പിലാക്കിയില്ല. തുടർന്നാണ് ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിച്ചത്. സാരമായ അണുബാധയ്ക്ക് കാരണമായ സാഹചര്യത്തിലാണ് കൈ മുറിച്ചുമാറ്റേണ്ടി വന്നത്. അതിനാൽ ഇൻഷ്വറൻസ് തുക നൽകാനുള്ള നിയമപരമായ ബാദ്ധ്യത കമ്പനിക്കുണ്ടെന്നും 45 ദിവസത്തിനകം തുക നൽകണമെന്നും ഡി.ബി. ബിനു അദ്ധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് കമ്പനിക്ക് നിർദ്ദേശം നൽകി.