കൊച്ചി: ഉരുൾപൊട്ടൽ ദുരന്തത്തിൽ വയനാട്ടിലെ ടൂറിസം, വ്യാപാര മേഖലകളിലെ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ(കെ.എച്ച്.ആർ.എ) ആവശ്യപ്പെട്ടു. ഉരുൾപൊട്ടൽ മേഖല ഒഴിവാക്കി ടൂറിസം പ്രോത്സാഹിപ്പിക്കാൻ അടിയന്തിര നടപടികൾ ടൂറിസം വകുപ്പ് സ്വീകരിക്കണം. മഴയും കാലാവസ്ഥയും ആസ്വദിക്കാനായി മൺസൂൺ ടൂറിസത്തെ ടൂറിസം വകുപ്പ് പ്രോത്സാഹിപ്പിച്ചിരുന്നു. റിസോർട്ടുകളിലും ഹോട്ടലുകളിലും ആയിരക്കണക്കിനാളുകൾ ജോലി ചെയ്യുന്നുമുണ്ട്. സഞ്ചാരികൾ വരാതായതോടെ ഇവരുടെ ജീവിതമാർഗം പ്രതിസന്ധിയിലാണ്. ഭീതി ഒഴിവാക്കി വീണ്ടും കേരളം സഞ്ചാരികളുടെ പ്രിയപ്പെട്ടയിടമാക്കി മാറ്റാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലും ജനറൽ സെക്രട്ടറി കെ.പി. ബാലകൃഷ്ണ പൊതുവാളും ആവശ്യപ്പെട്ടു.