കൊച്ചി: സിനിമാമേഖലയിലെ പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ട് ഭാഗികമായി പുറത്തുവിടാമെന്ന് ഹൈക്കോടതി. മൊഴി നൽകിയവരുടെയും മറ്റും സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കി അപേക്ഷകർക്ക് പകർപ്പ് നൽകാനുള്ള വിവരാവകാശ കമ്മിഷന്റെ തീരുമാനം ശരിവച്ചു. അപേക്ഷകർക്ക് പകർപ്പുകൾ നൽകാൻ ഒരാഴ്ച അനുവദിച്ചു.
നിർമ്മാതാവ് സജിമോൻ പാറയിലിന്റെ ഹർജി തള്ളിയാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഉത്തരവ്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 96-ാം ഖണ്ഡിക (പേജ് 49), 165-196 ഖണ്ഡികകൾ (പേജ് 21-100) എന്നിവ ഒഴിവാക്കും.
റിപ്പോർട്ട് പുറത്തുവിടുന്നത് ഹർജിക്കാരന്റെ മൗലികാവകാശത്തെയോ നിയമപരമായ അവകാശത്തെയോ ഹനിക്കില്ല. അതിനാൽ ഹർജിക്ക് സാധുതയില്ല. വിമൻ ഇൻ സിനിമ കളക്ടീവ് നൽകിയ നിവേദനത്തിലാണ് സർക്കാർ ഹേമ കമ്മിറ്റി രൂപീകരിച്ചത്. ഇവരും കേരള വനിതാ കമ്മിഷനും റിപ്പോർട്ട് പുറത്തുവിടുന്നതിനെ അനുകൂലിച്ചിട്ടുണ്ട്. ഇത് വിഷയത്തിന്റെ പൊതുതാത്പര്യം വ്യക്തമാക്കുന്നു.
റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം വിവരാവകാശ കമ്മിഷൻ 2020ൽ തള്ളിയതാണെന്ന സജിമോന്റെ വാദം കോടതി അംഗീകരിച്ചില്ല. വിവരാവകാശ കമ്മിഷൻ ഭരണസംവിധാനം പോലെയാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.സാഹചര്യമനുസരിച്ച് പുതിയ ഉത്തരവുകളിറക്കാൻ അധികാരമുണ്ട്.സ്വകാര്യത ഉറപ്പാക്കിയാണ് കമ്മിഷൻ ഉത്തരവിട്ടതെന്നും കോടതി പറഞ്ഞു.
മാദ്ധ്യമ ഇടപെടൽ
അനിവാര്യം
വിവരാവകാശ അപേക്ഷകർ മാദ്ധ്യമ പ്രവർത്തകരാണെന്നും നിറം പിടിപ്പിച്ച കഥകളാണ് ലക്ഷ്യമെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു. സമൂഹത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ മാദ്ധ്യമങ്ങൾക്ക് വലിയ പങ്കുണ്ടെന്നും ഹേമ റിപ്പോർട്ടിലെ കാര്യങ്ങൾ ചർച്ചയാക്കാനും നടപ്പാക്കാൻ സർക്കാരിനെ പ്രേരിപ്പിക്കാനും മാദ്ധ്യമ ഇടപെടൽ ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.