പെരുമ്പാവൂർ: ഡോക്ടർമാർ ഡ്യൂട്ടിയിൽ ഹാജരാകാത്തതിനാൽ രായമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തുന്ന രോഗികൾ ദുരിതത്തിൽ. രാവിലെ മുതൽ ടോക്കൺ എടുത്ത് കാത്ത് നില്ക്കുന്നവരുടെ നീണ്ടനിര രാത്രിയായിട്ടും തീരുന്നില്ല. നിരവധി പേർ ചികിത്സ ലഭിക്കാതെ മടങ്ങിപ്പോകുന്നതും പതിവാണ്. വയോധികരായ രോഗികളാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. നിലവിൽ നാല് ഡോക്ടർമാരാണ് ആരോഗ്യകേന്ദ്രത്തിലുള്ളത്. ഇവർ പകുതി ദിവസവും ജോലിക്ക് എത്തുന്നില്ല. വന്നാൽ തന്നെ ഉച്ചയോടെ സ്ഥലം വിടുന്നതും പതിവാണ്. അതിനാൽ ഉച്ചക്ക് ശേഷം രോഗികളെ പരിശോധിക്കാൻ പഞ്ചായത്ത് ഒരു താത്കാലിക ഡോക്ടറെ നിയമിച്ചിട്ടുണ്ടെങ്കിലും ദുരിതമൊഴിയുന്നില്ല. ഇതുമൂലം രോഗികളോടൊപ്പം നേഴ്സുമാരും ഫാർമസി വിഭാഗവും മറ്റും ഒരുപോലെ ബുദ്ധിമുട്ടുകയാണ്. സ്ഥിരം ഡ്യൂട്ടിയിലുള്ള ഡോക്ടർമാർ കൂടി കൃത്യമായി ജോലി നിർവഹിച്ചാൽ ആശുപത്രിയിൽ എത്തുന്ന മുഴുവൻ രോഗികൾക്കും ചികിത്സ ലഭിക്കും.
ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനത്തിന് 2022-23 ലെ ആർദ്ര കേരളാ പുരസ്കാരം നേടിയതാണ് രായമംഗലം ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം. രോഗികളെ ബുദ്ധിമുട്ടിക്കുന്നതിനുള്ള മികവിനാണോ പുരസ്കാരം ലഭിച്ചിരിക്കുന്നത് എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. അധികൃതർ ഈ വിഷയത്തിൽ ഇടപെട്ട് എത്രയും വേഗം ആവശ്യത്തിന് ഡോക്ടർമാരെ നിയോഗിക്കുകയോ നിലവിലുള്ള ഡോക്ടർമാരുടെ ഡ്യൂട്ടി കൃത്യമായി നടപ്പാക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.