വൈപ്പിൻ: വൈപ്പിനിൽ നിന്നുള്ള സ്വകാര്യ ബസുകൾക്ക് നഗരപ്രവേശം അനുവദിക്കണം എന്നാവശ്യപ്പെട്ട് വൈപ്പിൻകരയിലെ റസിഡന്റ്‌സ് അസോസിയേഷനുകളുടെ കേന്ദ്രസംഘടനയായ ഫ്രാഗിന്റെ നേതൃത്വത്തിൽ കാക്കനാട്ടുള്ള ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം ഉദ്ഘാടനം ചെയ്തു. വൈപ്പിൻകരയിലെ സാസ്‌കാരിക നായകരും സാമൂഹ്യ-സമുദായ സംഘടനാ നേതാക്കളും പങ്കെടുത്തു. സിപ്പി പള്ളിപ്പുറം, മജീദ് എടവനക്കാട്, പൗളി വത്സൻ, ഞാറക്കൽ ശ്രീനി, എസ്.എൻ.ഡി.പി വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ, കുടുംബി സേവാസമിതി സംസ്ഥാന സെക്രട്ടറി ശ്യാംകുമാർ, കെ.എൽ.സി.എ വരാപ്പുഴ രൂപതാ സെക്രട്ടറി ബേസിൽ മുക്കത്ത്, റസിഡന്റ്‌സ് അസോസിയേഷനുകളുടെ വിവിധ താലൂക്ക് തല സംഘടനകളെ പ്രതിനിധീകരിച്ച് അഡ്വ. ജലാലുദ്ദീൻ, ജോൺ മാമ്പിള്ളി, പി.കെ. ഭാസി, ഫ്രാഗ് വൈസ് പ്രസിഡന്റ് കെ. ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു.
ഫ്രാഗ് പ്രസിഡന്റ് വി. പി. സാബു അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി അനിൽ പ്ലാവിയൻസ് ധർണയിലേക്ക് നയിച്ച സാഹചര്യം വിശദീകരിച്ചു. ധർണയെത്തുടർന്ന് ഫ്രാഗ് നേതാക്കൾഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണറെ കണ്ട് ചർച്ച നടത്തി. ഈ മാസം 17-ാം തിയതി നടക്കുന്ന ആർ.ടി.എ യോഗത്തിൽ ഈ പെർമിറ്റ് അപേക്ഷകളിൽ അനുകൂലമായ തീരുമാനമെടുക്കണമെന്ന് അധികൃതരോട് ഫ്രാഗ് ആവശ്യപ്പെട്ടു.