photo

വൈപ്പിൻ: വൈപ്പിൻ - എറണാകുളം റോഡിൽ വല്ലാർപാടം മേൽപ്പാലത്തിൽ നീളത്തിൽ ടാർ പൊളിഞ്ഞു പോയ ഭാഗം ഇരുചക്ര വാഹനങ്ങൾക്ക് അപകടക്കെണിയായി മാറുന്നു. പാലത്തിന്റെ വടക്കേ വശത്ത് നിന്ന് രണ്ടടിയോളം മാറി രണ്ട് ഇഞ്ചോളം വീതിയിൽ നീളത്തിലുള്ള കുഴിയാണ് രൂപപ്പെട്ടിട്ടുള്ളത്. കാഴ്ചയിൽ അസ്വഭാവികമായൊന്നും തോന്നുന്നില്ലെങ്കിലും വീതികുറഞ്ഞ ടയറുള്ള ബൈക്കുകൾ ഇതിൽപ്പെട്ടാൽ നിയന്ത്രണം നഷ്ടപ്പെടുന്നത് പതിവാണ്. പാലത്തിന്റെ കിഴക്കേ ഭാഗത്തേക്കുള്ള ഇറക്കത്തിലാണ് അപകടത്തിന് വഴിയൊരുക്കുന്നത്. ഇറങ്ങി വരുന്ന ഇരുചക്ര വാഹനങ്ങൾ വേഗത കൂടുന്നതും നിയന്ത്രണം നഷ്ടപ്പെട്ട് ഒപ്പം വരുന്നതോ എതിർ ദിശയിൽ നിന്ന് വരുന്നതോ ആയ വാഹനങ്ങളിൽ ഇടിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. കഴിഞ്ഞ മാസം ബൈക്കുകൾ കൂട്ടിയിടിച്ച് വൈപ്പിൻ സ്വദേശിയായ യുവാവ് മരണപ്പെട്ടിരുന്നു. അപകടക്കെണി ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ്. വൈപ്പിൻ മണ്ഡലം സെക്രട്ടറി അഡ്വ. ഡയാസ്റ്റസ് കോമത്ത് ആവശ്യപ്പെട്ടു.