ആലുവ: ദേശീയപാതയിൽ തായിക്കാട്ടുകര കെ.എസ്.ആർ.ടി.സി ഗ്യാരേജിന് സമീപം ടർഫ് ആൻഡ് കോ ഫർണിച്ചർ കടയ്ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. ആലുവയിൽ നിന്നും അഗ്നിശമനയുടെ രണ്ട് യൂണിറ്റുകളെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.
കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു തീപിടുത്തം. താഴെ ഫർണിച്ചർ കടയും ഒന്നാം നിലയിൽ തുണിക്കടയും രണ്ടാം നിലയിൽ ഫർണിച്ചർ സാധനങ്ങളുമാണ് ഉണ്ടായിരുന്നത്. രണ്ടാം നിലയിലെ ഫർണിച്ചർ സാധനങ്ങളാണ് അഗ്നിക്കിരയായത്. ഷോർട്ട് സർക്ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സൂചന. മറ്റ് സ്ഥാപനങ്ങളിലേക്ക് പടർന്നില്ല. മാറമ്പിള്ളി സ്വദേശി സുഹൈലിന്റേതാണ് കടകൾ. അഗ്നിശമന സേനാ ഉദ്യോഗസ്ഥരായ പി.എസ്. സാബു, ടി.എൻ. ശ്രീനിവാസൻ, എസ്. രാജേഷ്, എം.കെ. നാസർ, സി. അമർജിത്ത്, ടി. സജിത്ത് കുമാർ, വിപുൽ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.