മൂവാറ്റുപുഴ: സൈബർ തട്ടിപ്പ് കേസിൽ പ്രതി പിടിയിൽ. കോഴിക്കോട് പന്നിയങ്കര കല്ലായി ബൈത്തുൽ ഷാഫി വീട്ടിൽ മുഹമ്മദ് ഷാഫി (34)യെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. വാളകം സ്വദേശിയുടെയും ഭാര്യയുടെയും പണമാണ് തട്ടിയത്. ക്ലിയർ വാട്ടർ ഇന്റർനാഷണൽ ഫണ്ട് ഷെയറിൽ നിക്ഷേപിച്ചാൽ ലാഭവിഹിതം തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പതിനഞ്ചര ലക്ഷം രൂപയാണ് തട്ടിയെടുത്തത്. പരാതിക്കാരൻ ഓൺലൈൻ മുഖാന്തരം അയച്ചു കൊടുത്ത പണം തിരികെ പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലും പരാതി നൽകി. ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. മൂവാറ്റുപുഴ ഡിവൈ.എസ്. പി എം.ബൈജുവിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ ഇൻസ്പെക്ടർ ബേസിൽ തോമസ്, സബ് ഇൻസ്പെക്ടർമാരായ മാഹിൻ സലിം, കെ .കെ.രാജേഷ്, കെ. അനിൽ, പി.സി ജയകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിബിൽ മോഹൻ, കെ. എ. അനസ്, എൻ.എം. സിദ്ദിഖ് എന്നിവർ ഉൾപ്പെട്ട അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.