കൊച്ചി: മകന്റെ പിറന്നാളിന് വാങ്ങിയ ബലൂണിൽ 'ഐ ലവ് യു പാകി​സ്ഥാൻ" എന്ന എഴുത്തും പതാകയും കണ്ടതായി യുവാവ് നൽകിയ വിവരത്തെ തുടർന്ന് തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തൃപ്പൂണിത്തുറ എരൂർ ചേലേക്കവഴി​യി​ൽ അടുത്തിടെ ​ കാസർകോട് സ്വദേശി തുടങ്ങിയ കടയിൽ നിന്ന് വാങ്ങിയ ബലൂണുകളി​ൽ ഒന്നിലായിരുന്നു എഴുത്തും പതാകയും. ഈ കടയും തൊട്ടടുത്ത് ആലുവ ഉളി​യന്നൂർ സ്വദേശി തുടങ്ങിയ കടയും സംഭവത്തെ തുടർന്ന് അടച്ചു. ഇവി​ടേക്ക് ഇന്നലെ വൈകിട്ട് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.

എരൂർ സ്വദേശി തിങ്കളാഴ്ചയാണ് ബലൂണുകൾ വാങ്ങിയത്. വീട്ടിലെത്തി വീർപ്പിച്ച് നോക്കിയപ്പോഴാണ് വെളുത്ത ബലൂണിൽ എഴുത്ത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് കടയിലുണ്ടായിരുന്ന ബലൂണുകളെല്ലാം കസ്റ്റഡിയിലെടുത്തു. കടക്കാരനെതി​രെ കേസെടുത്തി​ട്ടി​ല്ല. പ്രതി​ അജ്ഞാതനാണെന്നാണ് എഫ്.ഐ.ആറി​ലുള്ളത്.

കുന്നംകുളത്ത് നിന്ന് മൊത്തമായി വാങ്ങിയതാണ് ബലൂണുകളെന്ന് വ്യാപാരി മൊഴി നൽകി. സ്വാതന്ത്ര്യദി​നം അടുത്തിരിക്കെയുണ്ടായ സംഭവം ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. രഹസ്യാന്വേഷണ വിഭാഗവും വിവരം ശേഖരിച്ചിട്ടുണ്ട്.

പ്ലാസ്റ്റിക് കവറിലാക്കി വിറ്റ വ്യത്യസ്ത നിറങ്ങളിലും പ്രിന്റിംഗി​ലുമുള്ള ബലൂണുകളിൽ ഒന്നായിരുന്നു പാകിസ്ഥാന്റെ പതാകയുള്ള ബലൂൺ. ബലൂണുകളിൽ നിർമ്മാതാവിന്റെ വിവരങ്ങൾ ഇല്ലെന്ന് പൊലീസ് പറഞ്ഞു.

2022ൽ കോഴിക്കോട് വടകരയിലെ സൂപ്പർ മാർക്കറ്റിൽ നിന്ന് ഇത്തരം ഒരു ബലൂൺ ലഭിച്ചിരുന്നു. ഈ വർഷം ജൂണിൽ മഹാരാഷ്ട്ര സോളാപൂരിൽ സമാനമായ ബലൂൺ വിറ്റയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.