കൊച്ചി: പശ്ചിമ കൊച്ചിയിൽ പലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചെന്ന കേസിൽ ഓസ്ട്രേലിയൻ വനിത സാറ ഷെലൻസ്കി മിഷേലിന് (37) എതിരെ മട്ടാഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു.

ഫോർട്ട്കൊച്ചി പൊലീസ് ഏപ്രിൽ 16 ന് റജിസ്റ്റർ ചെയ്ത കേസാണിത്. സ്റ്റുഡന്റ്സ് ഇസ്‍ലാമിക് ഓർഗനൈസേഷൻ (എസ്.ഐ.ഒ) പതിപ്പിച്ച പലസ്തീൻ അനുകൂല പോസ്റ്ററുകൾ ജൂത വംശജയായ സാറ കീറിക്കളഞ്ഞെന്നാണു കേസ്. ജങ്കാർ ജെട്ടിക്കു സമീപം സ്ഥാപിച്ച ബോർഡുകൾ രണ്ടു വനിതാ ടൂറിസ്റ്റുകൾ നിയമവിരുദ്ധമായി നശിപ്പിച്ചെന്നും സമൂഹത്തിലെ സമാധാനാന്തരീക്ഷം തകർക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവൃത്തിയാണിതെന്നുമായിരുന്നു എസ്.ഐ.ഒ ഏരിയാ സെക്രട്ടറി നൽകിയ പരാതി. തുടർന്ന് ഏപ്രിൽ 18 ന് പൊലീസിൽ ഹാജരായ ഹർജിക്കാരിയെ കോടതിയിൽ ഹാജരാക്കി ജാമ്യം അനുവദിച്ചിരുന്നെന്നും ഹർജിയിൽ അറിയിച്ചു. കോടതി നടപടികളുടെ ദുരുപയോഗമാണെന്നും അന്തിമ റിപ്പോർട്ടും തുടർനടപടികളും റദ്ദാക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.