കൊച്ചി: ഇന്നലെ രാത്രി കൊച്ചി നഗരത്തിലും ജില്ലയിലെമ്പാടും കനത്ത മഴയും മിന്നലുമുണ്ടായി. രാത്രി ഏഴിനു ശേഷമാണ് മഴ കനത്തത്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴ മാത്രമാണ് ഉണ്ടായിരുന്നത്. വൈകുന്നേരത്തോടെ തന്നെ കാലാവസ്ഥാ വകുപ്പ് ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിരുന്നു. ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിൽ അടുത്ത മൂന്ന് ദിവസം വൈകിട്ടോ രാത്രിയോ അതിശക്തമായി ഇടിമിന്നലോടു കൂടിയ മഴ ലഭിക്കാൻ സാദ്ധ്യതയെന്നാണ് മുന്നറിയിപ്പ്. മലവെള്ളപ്പാച്ചിൽ, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയ്ക്ക് സാദ്ധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ പുഴകളിലും വെള്ളച്ചാട്ടങ്ങളിലും ഇറങ്ങരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.
കോതമംഗലത്തുൾപ്പെടെ ആളുകളെ മാറ്റി പാർപ്പിച്ചെന്നും ഏത് സാഹചര്യവും നേരിടാൻ ജില്ല സന്നദ്ധമാണെന്നും ദുരന്തനിവാരണ വിഭാഗം അറിയിച്ചു. 12 അംഗ എൻ.ഡി.ആർ.എഫ് സംഘം കാക്കനാട് ക്യാമ്പ് ചെയ്യുന്നുണ്ട്.