high-court

കൊച്ചി: കോഴിക്കോട് പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി. ഗോപാലും പരാതിക്കാരിയായ ഭാര്യയും ഹൈക്കോടതിയിൽ ഹാജരായി ഒരുമിച്ചു ജീവിക്കാനുള്ള ആഗ്രഹം അറിയിച്ചു. ദമ്പതികളുടെ തീരുമാനം രേഖപ്പെടുത്തിയ കോടതി, ഇരുവരെയും കൗൺസലിംഗിന് വിധേയരാക്കാൻ നിർദ്ദേശിച്ചു.കൗൺസിലറുടെ റിപ്പോർട്ട് മുദ്ര വച്ച കവറിൽ സമർപ്പിക്കാനും ജസ്റ്റിസ് എ. ബദറുദ്ദീൻ ഉത്തരവിട്ടു.

റിപ്പോർട്ട് പരിശോധിച്ച ശേഷം ഹർജി തീർപ്പാക്കും. വിഷയം 21ന് വീണ്ടും പരിഗണിക്കും. പ്രതിക്കെതിരെ അതു വരെ കർക്കശ നടപടി പാടില്ലെന്ന് പൊലീസിനോടും നി‌ർദ്ദേശിച്ചിട്ടുണ്ട്.ദാമ്പത്യത്തർക്കം ഒത്തുതീർപ്പാകുന്ന സാഹചര്യത്തിൽ, തനിക്കും കുടുംബാംഗങ്ങൾക്കുമെതിരെ പന്തീരാങ്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ സമർപ്പിച്ച ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. പരാതിക്കാരിയോടാണ് ഇന്നലെ കോടതി ആദ്യം വിവരങ്ങളാരാഞ്ഞത്. മർദ്ദിച്ചെന്നും വധിക്കാൻ ശ്രമിച്ചെന്നുമാരോപിച്ച് ഭർത്താവിനെതിരെ കേസ് നൽകിയത് തന്റെ വീട്ടുകാരുടെ പ്രേരണയിലാണെന്ന് യുവതി പറഞ്ഞു. കേസ് പിൻവലിക്കുന്നത് ഭർത്താവിന്റെ സമ്മർദ്ദത്താലല്ലെന്നും അറിയിച്ചു. ഭാര്യയെ ഉപദ്രവിച്ചിരുന്നോയെന്ന് രാഹുലിനോട് കോടതി ചോദിച്ചു. ദാമ്പത്യത്തിലെ സാധാരണ പ്രശ്നങ്ങളാണുണ്ടായത് എന്നായിരുന്നു വിശദീകരണം. ജർമ്മനിയിലായിരുന്ന രാഹുൽ, ഹൈക്കോടതി നടപടികളുടെ ഭാഗമായാണ് തിരിച്ചെത്തിയത്. ഇയാളെ കഴിഞ്ഞ ദിവസം ഡൽഹി വിമാനത്താവളത്തിൽ അധികൃതർ തടഞ്ഞുവച്ചെങ്കിലും കേരള പൊലീസിന്റെ വിശദീകരണത്തെ തുടർന്ന് വിട്ടയയ്‌ക്കുകയായിരുന്നു.

വിശ്വാസയോഗ്യമല്ലെന്ന് പ്രോസിക്യൂഷൻ

ഗാർഹിക പീഡനക്കേസ് റദ്ദാക്കുന്നതിനെ പ്രോസിക്യൂഷൻ എതിർത്തു. ഗുരുതര കുറ്റകൃത്യം ചെയ്തയുടൻ വിദേശത്തേക്ക് കടന്ന രാഹുലിന്റെ വിശദീകരണം വിശ്വാസ്യയോഗ്യമല്ലെന്നും വാദിച്ചു. കേസ് തുടരുമെന്നറിയിച്ച കോഴിക്കോട് പൊലീസ് കമ്മിഷണറുടെ റിപ്പോർട്ടും ഹാജരാക്കി.

ഹർജിക്കാരനെതിരായ ആരോപണങ്ങൾ ഗൗരവമേറിയതാണെന്ന് കോടതി നിരീക്ഷിച്ചു. ഭാര്യാ ഭർത്താക്കന്മാർ വീണ്ടും ഒരുമിക്കുന്നതിന് അതൊരു അളവുകോലാകരുത്. യുവതി ഒത്തുതീർപ്പിന് തയാറായത് ഹർജിക്കാരന്റെ സമ്മർദ്ദത്തിലാണെന്ന പ്രോസിക്യൂഷൻ വാദം കണക്കിലെടുക്കുമ്പോൾ ദമ്പതികൾക്ക് കൗൺസലിംഗ് അനിവാര്യമാണ്. കേരള ലീഗൽ സർവീസസ് സൊസൈറ്റി മെമ്പർ സെക്രട്ടറി മുൻകൈയെടുത്ത് യോഗ്യനായ കൗൺസലറെ ചുമതലപ്പെടുത്തണം. കൗൺസലിംഗ് ഏഴു ദിവസത്തിനകം പൂർത്തിയാക്കണമെന്നും നിർദ്ദേശിച്ചു.