മാറിയ കാലത്തെ ജീവിതശെെലിയിലുണ്ടാകുന്ന മാറ്രങ്ങൾ വലിയ വെല്ലുവിളിയായി മാറുകയാണ്. അതിനാൽ തന്നെ ജീവിതശെെലി രോഗങ്ങളും പ്രായഭേദമില്ലാതെ വന്നെത്തുന്നുമുണ്ട്. ഇന്ന് അമിതവണ്ണവും വയറും കുറയ്ക്കാൻ എന്തു ചെയ്യണമെന്നു ചോദിക്കുന്ന നിസഹായരായ കുടവയറന്മാരുടെ എണ്ണവും കൂടി വരികയാണ്. വ്യായാമം ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിലും ശരീരം വഴങ്ങുന്നില്ലെന്നാണ് പരാതി. പാടുപെട്ട് നടുവൊന്നു വളച്ചാൽ പൂർവസ്ഥിതി പ്രാപിക്കാൻ പരസഹായം വേണ്ടിവരുന്നു. മൂത്തുപോയ എല്ലുകളായതിനാൽ ഒടിയുമോയെന്നും ആശങ്ക. ഒടിഞ്ഞാൽ നട്ടും ബോൾട്ടുമിട്ട് കിടക്കുന്ന കാര്യമോർക്കുമ്പോൾ സാഹസം വേണ്ടെന്നും ഉറപ്പിക്കുന്നു. ഭക്ഷണം കുറയ്ക്കുന്ന കാര്യം ചിന്തിക്കാൻ പോലും വയ്യെന്നതാണ് മറ്റൊരു പ്രശ്നം. ഇത്തരമൊരു സാഹചര്യത്തിൽ എന്തു ചെയ്യണമെന്ന് ഡോക്ടർമാരോട് ചോദിച്ചാൽ മറുപടി എന്തായിരിക്കുമെന്ന് ഉറപ്പുള്ളവർക്കു മുന്നിൽ വഴിതെളിയുന്നു, രാവിലെയോ വൈകിട്ടോ ഒരു മണിക്കൂർ നടക്കുക. എന്നാൽ 'നല്ലനടപ്പ്" എങ്ങനെയാകണമെന്ന കാര്യത്തിൽ പലർക്കും ധാരണയില്ല.
ചുറ്റും വിശാലമായ കാഴ്ചകളുള്ളതിനാൽ നടപ്പിന്റെ രസം പിടിച്ചവരേറെയാണ്. നാട്ടിൻപുറങ്ങളിലടക്കം നടപ്പുകാരുടെ കൂട്ടായ്മകൾ രൂപപ്പെട്ടുകഴിഞ്ഞു. വാട്സാപ് ഗ്രൂപ്പുകളിൽ ചർച്ചകളും സജീവമാണ്.
പുലർച്ചെയുള്ള നടപ്പിനുശേഷം ഏറെ വൈകി മടങ്ങിയെത്തുന്ന പലരും കാര്യമായി വിയർക്കുകയോ ക്ഷീണിക്കുകയോ ചെയ്തിട്ടില്ലെന്ന് തിരിച്ചറിഞ്ഞ് ഭാര്യമാർ സംഘടിതമായി രംഗത്തിറങ്ങിയതോടെ നടപ്പുകാർ ഇരുന്നുപോയി. ആഞ്ഞു നടക്കുന്ന ഭർത്താക്കന്മാർ ആദ്യഘട്ടം കഴിഞ്ഞ് എവിടെയെങ്കിലും വിശ്രമിച്ച് കോളേജ് കാലത്തെ കഥകൾ അയവിറക്കുന്നത് വൈകിയാണെങ്കിലും അവർ കണ്ടുപിടിച്ചു. അങ്ങനെ, കുടുംബത്തോടെയുള്ള നടപ്പുകൾക്ക് തുടക്കംകുറിച്ചു. നടപ്പിനൊപ്പം യോഗ ഉൾപ്പെടുത്തിയ കൂട്ടായ്മകളുമുണ്ട്.
നടക്കാം, നല്ലരീതിയിൽ
തടി കുറയ്ക്കാൻ ഭക്ഷണം കഴിക്കാതിരിക്കുന്നത് ആരോഗ്യകരമല്ല. മതിയായ പോഷകാഹാരം കിട്ടാതിരിക്കുന്നത് ശരീരത്തിൽ ഗുരുതര പാർശ്വഫലങ്ങളുണ്ടാക്കും.
മസിൽ വയ്ക്കാനുള്ള കൃത്രിമ രീതികൾ പൂർണമായും ഒഴിവാക്കണം. മസിൽ വയ്ക്കാനുള്ള കുത്തിവയ്പുകളും മറ്റും ഒട്ടും സുരക്ഷിതമല്ലെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.
രാവിലെയും വൈകിട്ടും വ്യായാമം ചെയ്യാം. കൈകൾ വീശി വേഗത്തിൽ നടക്കുന്നതാണ് ആരോഗ്യകരം. അരമണിക്കൂറെങ്കിലും നടക്കുകയും വേണം. 50 വയസു കഴിഞ്ഞവർ ഓട്ടം കുറച്ച് കൂടുതൽ നടക്കണം.
അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ കുറവായിരിക്കുമെന്നതാണ് രാവിലത്തെ പ്രത്യേകത. വ്യായാമത്തിന് ഒരാൾ കൂടി ഒപ്പമുണ്ടാകുന്നത് നല്ലതാണ്.
വ്യായാമം കൃത്യസമയത്തു ചെയ്യുന്നതാണ് ആരോഗ്യകരം. ശരീരം അതുമായി പൊരുത്തപ്പെടുകയും ചെയ്യും. വ്യായാമം തുടങ്ങുന്ന ആദ്യദിവസങ്ങളിൽ അമിതമായി ചെയ്യാതിരിക്കുന്നതാണ് സുരക്ഷിതം. ക്രമേണ കൂട്ടിക്കൊണ്ടുവരാം.
ഹിറ്റ് ആയി 'സുംബ'
നൃത്തം ചെയ്ത് ഫിറ്റ്നസ് നിലനിറുത്തുന്നവരുടെ എണ്ണം കൂടുകയാണ്. സുംബ ഡാൻസ് ആണ് ഇതിൽ പ്രധാനം. എയ്റോബിക് ഡാൻസുകൾ സുംബയ്ക്കു വഴിമാറി. ഇഷ്ടഗാനത്തിനൊപ്പം ചടുലമായ സുംബ ചുവടുവയ്ക്കുന്നതിൽ പുരുഷന്മാരും പിന്നിലല്ല. ഇതെല്ലാം പഠിക്കാൻ സഹായിക്കുന്ന ധാരാളം യുട്യൂബ് ചാനലുകളുള്ളതിനാൽ കാര്യങ്ങൾ എളുപ്പമായി. കൊച്ചുമക്കൾക്കൊപ്പം അപ്പൂപ്പൻമാരും അമ്മൂമ്മമാരും നൃത്തം ചെയ്യുന്നതും ട്രെൻഡായി മാറി. മടപ്പില്ലാതെയുള്ള വ്യായാമം എന്ന നിലയ്ക്കാണ് സുംബയും മറ്റും അതിവേഗം ഹിറ്റായത്. അമിതവണ്ണം ഇല്ലാതായാൽ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് ആരോഗ്യവിദഗ്ദ്ധർ ഉറപ്പുനൽകുന്നു.
ശരീരഭാരം കുറയ്ക്കാം,
ഭക്ഷണം ക്രമീകരിക്കാം
രക്തസമ്മർദ്ദം ഉയരാതിരിക്കാൻ ശരീരഭാരം കൂടാതെ ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്ദ്ധർ ഉപദേശിക്കുന്നു. ഭക്ഷണം ക്രമീകരിച്ചു പതിവായി വ്യായാമം ചെയ്യണം. ഉപ്പും കൊഴുപ്പും കുറയ്ക്കുകയും പുകവലിയും മദ്യപാനവും ഉപേക്ഷിക്കുകയും വേണം. ജീവിതശൈലിയും രോഗസാദ്ധ്യതകളും വിലയിരുത്തിയാണു ചികിത്സ നിശ്ചയിക്കുക. ഹൃദ്രോഗം, വൃരോഗം തുടങ്ങിയവയുള്ളവർ രക്തസമ്മർദത്തിൽ നേരിയ വ്യതിയാനമുണ്ടെങ്കിൽ പോലും ശ്രദ്ധിക്കണം. ഇടയ്ക്കിടെ പരിശോധന നടത്തുകയും മരുന്ന് കൃത്യമായി കഴിക്കുകയും വേണം.
രക്തസമ്മർദ്ദം പരിധിവിട്ടാൽ വൃക്കകളുടെ പ്രവർത്തനത്തെയും ബാധിക്കും. വൃരോഗത്ത അക്യൂട്ട്, ക്രോണിക് എന്നീ 2 വിഭാഗങ്ങളിൽ പെടുത്താം. പ്രത്യേക രോഗമോ മറ്റോ മൂലം വൃക്കയുടെ പ്രവർത്തനം താളം തെറ്റുന്നതാണ് ആദ്യത്തേത്. രോഗം ഭേദമാകുന്നതോടെ വൃക്കയുടെ പ്രവർത്തനം സാധാരണ നിലയ്ക്കാകുകയും ചെയ്യും. കേരളത്തിൽ പാമ്പുകടി, എലിപ്പനി തുടങ്ങിയവയാണ് പൊതുവേ ഇതിനു കാരണമാകുന്നത്.
വൃക്കയുടെ തകരാർ യഥാസമയം കണ്ടെത്തുകയെന്നതാണ് പ്രധാനമെങ്കിലും തുടക്കത്തിൽ പ്രത്യേക ലക്ഷണമുണ്ടാകില്ലെന്നതാണ് പ്രധാന വെല്ലുവിളി. പലപ്പോഴും പ്രവർത്തനം തീരെ മോശമായിക്കഴിഞ്ഞേ ലക്ഷണങ്ങൾ കാണിക്കൂ.
കളികൾ കാര്യമാകേണ്ട
കുട്ടികളുടെ അമിതവണ്ണം നിയന്ത്രിച്ചില്ലെങ്കിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കു കാരണമായേക്കാം. വ്യായാമക്കുറവും ഭക്ഷണശീലങ്ങളുമാണു പ്രധാന വില്ലന്മാർ. 10-12 വയസ്സുള്ള കുട്ടികളിൽ പോലും ഇന്ന് പ്രമേഹം വ്യാപകമാണ്. ഭക്ഷണം കഴിച്ചിട്ടും ക്ഷീണം, അമിതദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കുക എന്നീ ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധിക്കണം.
കുട്ടികൾ പൊതുവേ വെള്ളത്തിനു പകരം സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഇതിനു പകരം പഴങ്ങൾ പ്രോത്സാഹിപ്പിക്കുക. വിശപ്പുമാറുമെന്നു മാത്രമല്ല, പഴങ്ങളിലെ നാരുകൾ ശരീരത്തിനു നല്ലതുമാണ്.
പതിവായി ഒന്നോ രണ്ടോ ക്യാൻ മധുരപാനീയം കുടിക്കുന്നവർക്ക് പ്രമേഹസാദ്ധ്യത 26% കൂടുതലാണെന്നാണ് റിപ്പോർട്ട്.
മധുരിക്കാത്ത സത്യങ്ങൾ
* പഞ്ചസാര കുറച്ചതുകൊണ്ടുമാത്രം കാര്യമില്ല. പല ഭക്ഷണങ്ങളിലും മധുരം മറഞ്ഞിരിക്കുന്നു. പതിവായി സോഫ്റ്റ് ഡ്രിങ്ക് കുടിക്കുന്നവർക്ക് പ്രമേഹസാദ്ധ്യതയുണ്ട്. കാർബണേറ്റഡ് പാനീയങ്ങളും മറ്റും പതിവായാൽ പല്ലുകൾ വേഗം ദ്രവിക്കുകയും മോണരോഗം ബാധിക്കുകയും ചെയ്യും.
* ശരീരഭാരം കുറയ്ക്കാൻ ഭക്ഷണം കഴിക്കാതിരിക്കുന്നത് വിപരീത ഫലമുണ്ടാക്കും. വറുത്ത സാധനങ്ങളും ഫാസ്റ്റ് ഫുഡും ഒഴിവാക്കുക.
ഏത് അസുഖമുള്ളവർക്കും നടപ്പ് നല്ലതാണ്. ദിവസവും 40 മിനിറ്റ് നടക്കുന്നത് ആരോഗ്യകരമാണ്.
ഡോ. എൻ. വിജയകുമാർ
റിട്ട. സൂപ്രണ്ട്, ഗവ. ആശുപത്രി, ആലുവ