പറവൂർ: മുസിരീസിന്റെ ഭംഗി ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ എണ്ണം വർദ്ധിക്കുമ്പോഴും പ്രധാന ആകർഷകമായ ബോട്ട് യാത്ര നിലച്ചു. ബോട്ടിന്റെ സർവീസ് കാലാവധി അവസാനിച്ചതും പുതിയ ബോട്ടുകൾ കേടാതായതും പദ്ധതിക്ക് വിനയായി.
ലക്ഷങ്ങൾ മുടക്കി നാല് ബോട്ടുകളാണ് വാങ്ങിയത്. വിവിധ വകുപ്പുകളുടെ കീഴിലുള്ള പത്ത് ബോട്ടുകളും മുസിരീസ് യാത്രക്കായി പറവൂർ, കോട്ടപുറം, അഴീക്കോട് എന്നിവടങ്ങിലേയ്ക്കായി കൊണ്ടുവന്നു. ഇവയുടെ കാലാവധി തീർന്നതോടെ മാരിടൈം ബോർഡ് സർവീസ് നടത്തുന്നത് വിലക്കുകയായിരുന്നു. ഇതിനിടെ മറ്റു ബോട്ടുകളും തകരാറിലായി. ഇതോടെ സ്ക്രാപ് ചെയ്യേണ്ട ബോട്ടുകൾ പറവൂർ തട്ടുകടവ് ജെട്ടിയിൽ കെട്ടിയിട്ടിരിക്കുകയാണ്. പദ്ധതിയിൽ വാങ്ങിയ നാലു ബോട്ടുകളുടെ എൻജിൻ തകരാറാണ്. മെർക്കുറി എൻജിനുള്ള ഈ ബോട്ടുകളുടെ കാലാവധി അഞ്ച് വർഷമാണ്. പലവട്ടം കേടായാ ബോട്ടുകളിൽ രണ്ടെണ്ണത്തിന്റെ എൻജിൻ മാറ്റുന്നതിന് 38 ലക്ഷം സർക്കാർ അനുവദിച്ചെങ്കിലും തുക മുസിരിസ് പദ്ധതിക്ക് ലഭിച്ചില്ല. ഈ നാല് ബോട്ടുകൾ കോട്ടപ്പുറം ജെട്ടിയിലാണ് കെട്ടിയിട്ടിരിക്കുന്നത്.
ബോട്ട് ജെട്ടിയിലെത്താൻ വലയും
തട്ടുകടവും കോട്ടപ്പുറവുമാണ് ബോട്ട് സർവീസിന്റെ സ്റ്റാർട്ടിഗ് പോയിന്റുകൾ.
ദേശീയപാത നിർമ്മിക്കുന്ന പറവൂർ പാലത്തിന്റെ ഉയരകുറവ് മൂലം സഞ്ചാരികൾക്ക് പറവൂരിലെ തട്ടുകടവ് ബോട്ട് ജെട്ടിയിൽ കായൽ മാർഗമെത്താൻ കഴിയുന്നില്ല. തട്ടുകടവിലേക്ക് ബോട്ട് കൊണ്ടുവരാൻ കഴിയാത്തതിനാൽ ഭൂരിഭാഗം സഞ്ചാരികളും കോട്ടപ്പുറത്ത് നിന്നാണ് ബോട്ടിൽ കയറുന്നത്.
മസിരീസ് ബോട്ട് യാത്ര
മുസിരീസ് പൈതൃക പദ്ധതിയിൽ സഞ്ചാരികളുടെ പ്രധാന ആകർഷണമായിരുന്നു ബോട്ട് യാത്ര.
പദ്ധതി പ്രദേശങ്ങളെ പുഴമാർഗം കോർത്തിണക്കി പെരിയാറിലൂടെയാണ് യാത്ര. തുടക്കത്തിൽ നിരവധി യാത്രക്കാരുണ്ടായിരുന്നു. പിന്നീട് വിദേശയാത്രികർ കുറഞ്ഞപ്പോഴും സ്വദേശത്തുള്ള സഞ്ചാരികളെത്തി. ചേന്ദമംഗലം, ഗോതുരുത്ത്, കോട്ടപ്പുറം, ചെറായി, പള്ളിപ്പുറം, അഴീക്കോട് ബോട്ട് ജെട്ടികൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ ബോട്ട് സർവീസ് നടത്തുന്നത്.