അങ്കമാലി: കറുകുറ്റി പഞ്ചായത്തിലെ കരിങ്കൽ ക്വാറിക്കെതിരെ ജനകീയ പ്രതിരോധം ശക്തമാക്കി നാട്ടുകാർ രംഗത്ത്. പാലിശേരിക്കും അമ്പലതുരുത്തിനും ഇടയിലുള്ള കോട്ടത്തണ്ട് മലയിലാണ് പുതിയ പാറമടയ്ക്ക് ഗ്രാമപഞ്ചായത്ത് ലൈസൻസ് നൽകിയത്. പാലിശേരി ഗവ. ഹോസ്പിറ്റൽ, ഗവ. ഹൈസ്കൂൾ, ലക്ഷംവീട് ഉൾപ്പെടെ 100 കണക്കിന് വീടുകൾ, പള്ളി, അമ്പലം, സഹകരണ ബാങ്ക് എന്നിവയുള്ള ഈ പ്രദേശത്തിന്റെ തൊട്ടുമുകളിലെ കോട്ടത്തണ്ട് മലയിൽ കരിങ്കൽ ക്വാറി പ്രവർത്തിച്ചാൽ മഹാ ദുരന്തമാകും ഉണ്ടാകുക. ഭീമാകാരമായ ഉരുളൻ കല്ലുകളും ഇളക്കം തട്ടിയ മണ്ണുമുള്ള ഈ പ്രദേശം അതീവ ദുർബലമാണ്. മഴക്കാലത്ത് ഈ മലയുടെ അടിവാരത്തിൽ നിന്ന് ചെളി നിറഞ്ഞ ജലപ്രവാഹം ഉണ്ടായതോടെ ആളുകളോട് മാറി താമസിക്കാൻ അറിയിപ്പ് നൽകിയ സ്ഥലം കൂടിയാണ്.
വയനാട് ദുരന്ത പശ്ചാത്തലത്തിൽ പോലും ജനങ്ങളുടെ ജീവനും സ്വത്തിനും വേണ്ടത്ര വില കല്പിക്കാതെയുള്ള നടപടിയാണ് അധികൃതർ സ്വീകരിച്ചതെന്നാണ് പ്രധാന പരാതി.
കോട്ടത്തണ്ടിലെ കരിങ്കൽ ക്വാറിക്ക് നൽകിയ ലൈസൻസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഭൂമിക്ക് കവചം തീർത്തുകൊണ്ട് സമരത്തിന് തുടക്കം കുറിച്ചു. പഞ്ചായത്ത് മെമ്പർമാരായ രനിത ഷാബു, ജോണി മയ്പാൻ, കെ.പി. അനീഷ്, കെ.കെ. മുരളി, കൺവീനർ ഷാജു കോലഞ്ചേരി തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്നുള്ള സമരപരിപാടികൾക്ക് നേതൃത്വം നൽകാനായി വാർഡ് മെമ്പർ രനിതാ ഷാബു ചെയർപേഴ്സണായും ഷാജു കോലഞ്ചേരി കൺവീനറായും ജനകീയ കമ്മിറ്റി രൂപീകരിച്ചു.