ksrtc

ആലുവ: ഉദ്ഘാടനം നടത്തി ആറ് മാസത്തിന് ശേഷം ആലുവ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ യാത്രക്കാർക്ക് ഇരിപ്പിടമാകുന്നു. 11 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച സ്റ്റീൽ നിർമ്മിത ഇരിപ്പിടങ്ങൾ ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17) രാവിലെ ഒമ്പതിന് ഉദ്ഘാടനം ചെയ്യും. മൂന്ന് പേർക്ക് വീതം ഇരിക്കാവുന്ന 43 സെറ്റ് ഇരിപ്പിടങ്ങളാണ് ഒരുങ്ങുന്നത്. ഇന്നോ നാളെയോ നിർമ്മാണം പൂർത്തിയാക്കിയ കസേരകൾ ഡിപ്പോയിലെത്തിക്കും. ആലുവ അർജുന നാച്ചുറൽ ആൻഡ് എക്സ്ട്രാക്ട്സാണ് ഇതിനാവശ്യമായ ഫണ്ട് നൽകിയതെന്ന് അൻവർസാദത്ത് എം.എൽ.എ പറഞ്ഞു.

14 കോടിയിലേറെ രൂപ ചെലവഴിച്ചിട്ടും ആലുവ കെ.എസ്.ആർ.ടി.സി ഡിപ്പോ അസൗകര്യങ്ങളിലായിരുന്നു. പ്രതിഷേധമുയർന്നപ്പോൾ ഒരു മാസം മുമ്പാണ് ശൗചാലയം തുറന്നത്. എം.എൽ.എ ഫണ്ടിൽ നിന്നും 13 ലക്ഷം ചെലവഴിച്ച് 32 സി.സി ടി.വി കാമറകൾ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കെട്ടിട നമ്പർ ലഭിച്ചില്ല,

സ്റ്റാളുകൾ തുറക്കാനായില്ല

നഗരസഭയിൽ നിന്ന് കെട്ടിട നമ്പർ ലഭിക്കാത്തതിനാൽ ഡിപ്പൊ ഓഫീസുകളും സ്റ്റാളുകളും ക്യാന്റീനുകളൊന്നും തുറക്കാനായിട്ടില്ല. കെട്ടിട സമുച്ചയത്തിന്റെ രൂപരേഖ തയ്യാറാക്കിയതിന് 15 ലക്ഷത്തോളം രൂപ ലഭിക്കാത്തതിനാൽ തൃശൂർ എൻജിനിയറിംഗ് കോളേജിൽ നിന്ന് ബ്ളൂപ്രിന്റ് ഉൾപ്പെടെ ലഭിക്കാത്തതാണ് വിനയായത്. ഈ സാഹചര്യത്തിൽ നിലവിലുള്ള കെട്ടിടത്തിന്റെ മാതൃകയിൽ രൂപരേഖ തയ്യാറാക്കുന്നതിന് മറ്റ് അംഗീകൃത ഏജൻസികളിൽ നിന്ന് കെ.എസ്.ആർ.ടി.സി ടെൻഡർ ക്ഷണിച്ചിരിക്കുകയാണ്. രൂപരേഖ തയ്യാറാക്കി നഗരസഭയിൽ അപേക്ഷിച്ചാൽ മാത്രമെ കെട്ടിട നമ്പർ ലഭിക്കുകയുള്ളു. അതിന് ശേഷമെ വൈദ്യുതിയും ലഭിക്കൂ.

നിലവിൽ കെട്ടിട നിർമ്മാണത്തിന് കരാറുകാരൻ എടുത്ത താത്കാലിക കണക്ഷനിൽ നിന്നുമാണ് കെ.എസ്.ആർ.ടി.സി അത്യാവശ്യം വൈദ്യുതി ഉപയോഗിക്കുന്നത്. അമിത നിരക്കായതിനാൽ പരമാവധി വൈദ്യുതി ഉപഭോഗം കുറക്കാനാണ് ഡിപ്പൊ ഓഫീസുകൾ പോലും പുതിയ കെട്ടിടത്തിലേക്ക് മാറ്റാത്തത്. നിലവിൽ സ്റ്റേഷൻ മാസ്റ്റർ, സെക്യൂരിറ്റി ഓഫീസുകൾ മാത്രമാണ് പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്.

റൂട്ട് തെറ്റിക്കൽ തുടരുന്നു

പലവട്ടം മുന്നറിയിപ്പ് നൽകിയിട്ടും ദീർഘദൂര ബസുകൾ റൂട്ട് തെറ്റിച്ച് ഓടുകയാണ്. ആലുവ സ്റ്റാൻഡിൽ നിന്ന് തൃശൂർ ഭാഗത്തേക്ക് പോകേണ്ട ബസുകൾ കാരോത്തുകുഴി, ബാങ്ക് കവല, ബൈപ്പാസ് വഴി മെട്രോ സ്റ്റേഷന് മുമ്പിലെത്തിയാണ് ദേശീയപാതയിൽ പ്രവേശിക്കേണ്ടത്. എന്നാൽ എറണാകുളത്ത് നിന്ന് ഇന്നലെ വൈകിട്ട് 3.40ന് ആലുവയിലെത്തി പാലക്കാട്ടേക്ക് പോയ ബസ് കാരോത്തുകഴി കവലക്ക് ശേഷം പഴയ മാർക്കറ്റ് റോഡ് വഴി ദേശീയപാതയുടെ സമാന്തര റോഡിലേക്ക് പ്രവേശിക്കുകയായിരുന്നു. പാലക്കാട് ഡിപ്പോയിലെ ആർ.പി.സി 369 ബസാണ് റൂട്ട് തെറ്റിച്ചോടിയത്.