കൊച്ചി: സാമ്പത്തികത്തട്ടിപ്പു കേസിൽ പരിശോധനയ്ക്കെത്തിയ തമിഴ്‌നാട് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥൻ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മൂന്നു പേർ ഫ്ലാറ്റിൽ അതിക്രമിച്ചുകയറി കടന്നുപിടിച്ചെന്നും നിർമ്മാതാവ് ജോണി സാഗരികയുടെ മകൾ ഡിക്‌ലി സിറ്റി പൊലീസിന് പരാതി നൽകി. മരട് പൊലീസ് കേസെടുത്ത് പ്രാഥമികാന്വേഷണം തുടങ്ങി.
ജൂൺ ആദ്യവാരമുണ്ടായ സംഭവത്തിൽ, എറണാകുളം പൂണിത്തറയിലെ ഫ്ലാറ്റിൽ താമസിക്കുന്ന 26കാരി കഴിഞ്ഞ 12നാണ് പരാതി നൽകിയത്.
കോയമ്പത്തൂർ പൊലീസ് രജിസ്റ്റർ ചെയ്ത 2.5 കോടിയുടെ തട്ടിപ്പുകേസിൽ പ്രതിയാണ് ജോണി സാഗരിക. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കഴിഞ്ഞ മേയിൽ പിടിയിലായ ജോണിയെ കേന്ദ്രീകരിച്ചുള്ള തുടരന്വേഷണത്തിന്റെ ഭാഗമായാണ് കോയമ്പത്തൂർ അസി. പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം മകൾ താമസിക്കുന്ന ഫ്ലാറ്റിൽ എത്തിയത്. റെയ്ഡിനിടെ ഫ്ലാറ്റിലെത്തിയ മൂന്ന് എറണാകുളം സ്വദേശികൾ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും ഇതിലൊരാൾ കൈയിൽ കടന്നുപിടിക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. ജിൻസ് തോമസ്, ലിന്റോ, ലിൻസൺ എന്നിവരാണ് ഒന്ന് മുതൽ മൂന്നു വരെ പ്രതികൾ.
പരിശോധനയ്‌ക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥൻ ചില രേഖകളിൽ ഒപ്പുവയ്ക്കാൻ നിർബന്ധിച്ചു. സമ്മതിക്കാതിരുന്നപ്പോൾ കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഈ ഉദ്യോഗസ്ഥനെ നാലാം പ്രതിയാക്കിയാണ് മരട് പൊലീസ് കേസെടുത്തത്.
കോടതി ഉത്തരവോടെ നടന്ന പരിശോധനയുടെ വീഡിയോ ചിത്രീകരിച്ചിട്ടുണ്ടെന്നും പരാതി അടിസ്ഥാനരഹിതമാണെന്നും തമിഴ്‌നാട് പൊലീസ് മരട് പൊലീസിനെ അറിയിച്ചതായാണ് വിവരം.
പരിശോധയിൽ പരാതിക്കാരിയുടെ പിതാവിന്റെ പാസ്‌പോർട്ടും ഒരു കാറും കോയമ്പത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജോണി സാഗരികയ്ക്കെതിരെ പരാതി നൽകിയവരാണ് മൂന്ന് യുവാക്കളെന്നാണ് പൊലീസിന് ലഭിച്ച വിവരം. അന്വേഷണത്തിന്റെ ഭാഗമായി കോയമ്പത്തൂർ പൊലീസ് പകർത്തിയ റെയ്ഡിന്റെ ദൃശ്യങ്ങൾ മരട് പൊലീസ് പരിശോധിച്ച ശേഷമാകും തുടർനടപടിയിലേക്ക് കടക്കുക.