കൊച്ചി: മഞ്ചേരിയിലെ കള്ളനോട്ട് കേസിൽ ആറ് ബംഗാൾ സ്വദേശികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. എൻ.ഐ.എ പ്രത്യേക കോടതിയുടെ ശിക്ഷാവിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ തള്ളിയാണ് ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാ‌ർ, സി. പ്രതീപ്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്.

ഇതരസംസ്ഥാന തൊഴിലാളികളായ ബംഗാൾ മാൾഡ ഹരിശ്ചന്ദ്രപുർ സ്വദേശികളാണ് പ്രതികൾ. ഒന്നാംപ്രതി മസിദു റഹ്‌മാന് 5 വർഷം തടവും പിഴയും മറ്റുപ്രതികളായ മുജമ്മൽ ഹഖ്, ഫർമൻ അലി, മസൂദ് ആലം, ശീഷ് മുഹമ്മദ്, മുജീബുർ റഹ്‌മാൻ എന്നിവർക്ക് 3 വർഷം വീതം തടവുമാണ് ശിക്ഷിച്ചിരുന്നത്.

2012 സെപ്തംബ‌ർ 17ന് മഞ്ചേരിയിലെ മൊബൈൽ ഷോപ്പിലെത്തിയ ഒന്നാംപ്രതി മസിദു, റീചാർജ് കൂപ്പണിന് 1000 രൂപയുടെ കള്ളനോട്ട് നൽകി. കടയുടമ ഇയാളെ പിടിച്ചുവച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. ഇയാളുടെ പോക്കറ്റിൽ നിന്ന് വേറെയും കള്ളനോട്ടുകൾ കിട്ടി. താമസിക്കുന്ന മുറിപരിശോധിച്ച പൊലീസ് ഇയാളുടെ പെട്ടിയിൽ നിന്ന് 45 കള്ളനോട്ടുകൾ കൂടി കണ്ടെടുത്തു. ഒപ്പം താമസിച്ചിരുന്ന മറ്റുപ്രതികളുടെ പക്കലും കള്ളനോട്ടുകളുണ്ടായിരുന്നു. കേസന്വേഷണം പിന്നീട് എൻ.ഐ.എ ഏറ്റെടുത്താണ് കുറ്റപത്രം സമർപ്പിച്ചത്.

കള്ളനോട്ടാണെന്നറിയാതെയാണ് ഉപയോഗിച്ചതെന്നായിരുന്നു പ്രതികളുടെ വാദം. എന്നാൽ റെയ്ഡ് സമയത്തെ പെരുമാറ്റവും സാഹചര്യത്തെളിവുകളുമെല്ലാം പരിശോധിക്കുമ്പോൾ പ്രതികൾ തികഞ്ഞ അറിവോടെയാണ് നോട്ടുകൾ സൂക്ഷിച്ചതെന്ന് വ്യക്തമാണെന്ന് ഹൈക്കോടതി വിലയിരുത്തി.