ആലുവ: രാജ്യത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുമിച്ചാൽ എല്ലാം ശാന്തമാകുമെന്ന് ആന്ധ്രപ്രദേശ് മുൻ കമ്മ്യൂണിക്കേഷൻ അഡ്വൈസർ ഡോ. പരകാല പ്രഭാകർ അഭിപ്രായപ്പെട്ടു. എടത്തല അൽ അമീൻ കോളേജിൽ 'ജനാധിപത്യപരവും ശാസ്ത്രീയവും മതേതരവുമായ വിദ്യാഭ്യാസത്തിന്റെ മൂല്യം' എന്ന വിഷയത്തിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജനം സൃഷ്ടിക്കുന്നതിനാണ് സർക്കാർ നയങ്ങൾ പലപ്പോഴും രൂപകൽപ്പന ചെയ്തിരിക്കുന്നത്.
തൊഴിലില്ലായ്മ, വിലക്കയറ്റം, ദാരിദ്ര്യം, പട്ടിണി, അസമത്വം എന്നിവ ഇന്ത്യയിൽ ഏറ്റവും ഉയർന്ന തലത്തിലാണ്. എന്നിട്ടും സർക്കാർ അധികാരം വീണ്ടെടുക്കുന്നതിനാൽ യുവാക്കൾക്ക് രാഷ്ട്രീയത്തിലോ നയരൂപീകരണത്തിലോ താത്പര്യം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഞ്ച് കിലോ ഗോതമ്പും അരിയും നൽകി മുഴുവൻ ജനങ്ങളെയും നിശബ്ദരാക്കുന്ന വിദ്യയാണ് സർക്കാരുകൾ പിന്തുടരുന്നത്. സ്ഥാപനങ്ങളെയല്ല, സർക്കാരിനെയും നയങ്ങളെയും തിരുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു
കോളേജ് പ്രിൻസിപ്പൽ ഡോ. സിനി കുര്യൻ, മാനേജർ ഡോ. ജുനൈദ് റഹ്മാൻ, ഐ.ക്യു.എ.സി കോഓഡിനേറ്റർ ഡോ. ലീന വർഗീസ്, റിസർച്ച് പ്രമോഷൻ കൗൺസിൽ കോഓഡിനേറ്റർ ഡോ. പി.ജെ. സജിൻ തുടങ്ങിയവർ പങ്കെടുത്തു.