കൊച്ചി: വ്യത്യസ്ത മയക്കുമരുന്ന് കേസുകളിലായി രണ്ട് പേർ പിടിയിലായി. ഇരുകേസുകളിലായി 19.96 എം.ഡി.എ.എയും 8.9 ഗ്രാം ബ്രൗൺ ഷുഗറും 440 ഗ്രാം കഞ്ചാവും കണ്ടെടുത്തു. പെരുമ്പാവൂർ മുടിക്കൽ മുചേത് വീട്ടിൽ അജ്മൽ (35), ഡാർജലിംഗിൽ താമസിക്കുന്ന നേപ്പാൾ പൗരൻ ബിജയ് താപ (28 ) എന്നിവരാണ് പിടിയിലായത്. അജ്മലിൽ നിന്നാണ് എം.ഡി.എം.എ കണ്ടെടുത്തത്. സിറ്റി പൊലീസ് കമ്മിഷണർ എസ്. ശ്യാംസുന്ദറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തൃക്കാക്കര നോർത്തിലെ സ്വകാര്യ ഹോട്ടലിൽ നിന്നാണ് അജ്മലിനെ പിടികൂടിയത്. റൂമെടുത്താണ് ഇയാൾ എം.ഡി.എം.എ വിറ്റിരുന്നത്. നേരത്തെ പൊലീസിന്റെയും എക്സൈസിന്റെയും പിടിയിലായിട്ടുണ്ട്. പാലാരിവട്ടം കസ്റ്റംസ് കോളനി റോഡിന് സമീപത്ത് നിന്നാണ് ബിജയ് താപ് പിടിയിലായത്. പാലാരിവട്ടം സ്റ്റേഡിയം പരിസരത്തെ പ്രധാന ബ്രൗൺഷുഗർ വിൽപ്പനക്കാരനാണ് ഇയാൾ. തമ്മനത്ത് വാടകയ്ക്ക് താമസിച്ചായിരുന്നു കച്ചവടം. നാർകോടിക്സ് സെൽ അസി. പൊലീസ് കമ്മിഷണർ കെ.എ. അബ്ദുൾ സലാമിന്റെ നേതൃത്വത്തിൽ ഡാൻസാഫ് ടീമും കളമശ്ശേരി പൊലീസും നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.