കൊച്ചി: വടുതല ലോഡ്‌സ് കോട്ടേജ് റസിഡന്റ്സ് അസോസിയേഷനിൽ ഉൾപ്പെടുന്ന 70 ഓളം വീടുകളിൽ പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നത് വരെ ടാങ്കർ ലോറികളിൽ ശുദ്ധജലമെത്തിക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. ജലഅതോറിട്ടി കൊച്ചി പി.എച്ച് ഡിവിഷൻ സൂപ്രണ്ടിംഗ് എൻജിനീയർ, എക്‌സിക്യൂട്ടീവ് എൻജിനീയർ, കൊച്ചി നഗരസഭ സെക്രട്ടറി എന്നിവർ 15 ദിവസത്തിനകം നടപടിയെടുത്ത ശേഷം സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകി.

ജനസേവനത്തിൽ സുപ്രധാന സ്ഥാനമുള്ള ജല അതോറിറ്റി ശുദ്ധജല വിതരണത്തിൽ അനാസ്ഥയും കാലതാമസവും കാണിക്കരുതെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ശുദ്ധജലം ലഭിക്കുക എന്നത് ആഗോള തലത്തിൽ അംഗീകരിക്കപ്പെട്ട മനുഷ്യാവകാശമാണ്. പച്ചാളം, വടുതല ഭാഗത്തെ പഴയ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇത് നടപ്പിലാവുന്നതോടെ പ്രദേശത്തുള്ള ശുദ്ധജല ദൗർലഭ്യം പരിഹരിക്കാൻ കഴിയുമെന്നും ജല അതോറിട്ടി എക്‌സിക്യൂട്ടീവ് എൻജിനീയർ കമ്മീഷനെ അറിയിച്ചു. ഈ പ്രവൃത്തി ടെൻഡർ ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.

കമ്മീഷൻ കേസ് പരിഗണിച്ച ജൂൺ 20 മുതൽ ജൂലായ് 4 വരെയുള്ള ദിവസങ്ങളിൽ കുടിവെള്ളം ലഭിച്ചിരുന്നുവെന്നും 5 മുതൽ വെള്ളം കിട്ടാതായെന്നും പരാതിക്കാർ കമ്മീഷനെ അറിയിച്ചു. ഈ സംഭവത്തിൽ ജലഅതോറിട്ടി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വൈരാഗ്യബുദ്ധിയോടെയുള്ള പ്രവൃത്തി ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. 12,00,000 രൂപ കോട്ടേജ് നിവാസികൾ മുടക്കിയാൽ ആഗ്ലോ ഇന്ത്യൻ സ്‌കൂൾ റോഡിലൂടെ 150 എം.എം വ്യാസമുള്ള പൈപ്പ് സ്ഥാപിച്ച് പരാതികാർക്ക് മാത്രമായി ജലം നൽകാമെന്ന ജലഅതോറിട്ടിയുടെ വാദം കമ്മീഷൻ തള്ളി. ജലദൗർലഭ്യം നേരിടുന്ന സ്ഥലങ്ങളിൽ കുടിവെള്ളം നൽകേണ്ട ഉത്തരവാദിത്തം ജല അതോറിട്ടിക്കുണ്ടെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. ലോർഡ്‌സ് കോട്ടേജ് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് വി.കെ. ഷീബ സമർപ്പിച്ച പരാതിയിലാണ് നടപടി.