കൊച്ചി: 'കേരളം ഇന്നുവരെ കാണാത്തവിധമുള്ള വരവേൽപ്പ്. ഒളിമ്പിക് ഹോക്കി ഹീറോ പി.ആർ. ശ്രീജേഷിന് കൊച്ചിയിൽ രാജകീയ സ്വീകരണത്തിനൊരുങ്ങുകയാണ് കായികകേരളവും ജന്മനാടും. തുടർച്ചയായി രണ്ട് ഒളിമ്പിക്‌സുകളിലും ഇരട്ട വെങ്കലം നേടിയ ഇന്ത്യയുടെ ഗോൾവലകാത്ത താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം കൂടി വന്നതോടെ സ്വീകരണം വൈകാരികമാകും. മന്ത്രി പി. രാജീവ് മുഖ്യരക്ഷാധികാരിയായി സംഘാടക സമിതിയാണ് സ്വീകരണ പരിപാടിക്ക് ചുക്കാൻ പിടിക്കുന്നത്.
ശ്രീജേഷിന് നാളെ ഉച്ചയ്ക്ക് 2.30ന് കൊച്ചി വിമാനത്താവളത്തിൽ ഉജ്ജ്വല വരവേല്പ് നൽകും. അന്ന് കൊച്ചിയിലുള്ള മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരണയോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന. വാദ്യമേളങ്ങളുടെ അകമ്പടിയോടെ മന്ത്രിമാരായ പി. രാജീവ്, വി. അബ്ദുറഹ്മാൻ തുടങ്ങിവർ സ്വീകരിക്കാനെത്തും.
കേരള ഒളിമ്പിക്‌സ് അസോസിയേഷൻ, കേരള ഹോക്കി അസോസിയേഷൻ, കേരള സ്‌പോർട്‌സ് കൗൺസിൽ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം.
തുറന്ന ജീപ്പിൽ ആലുവ യു.സി കോളേജിൽ ഒരുക്കിയി ഔദ്യോഗിക സ്വീകരണ വേദിയിലേക്ക് താരമെത്തും. ശേഷം തുറന്ന ജീപ്പിൽ ആലുവ, ചൂണ്ടി, പൂക്കാട്ടുപടി, കിഴക്കമ്പലം എന്നീ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ നൽകും. വൈകിട്ടോടെ ജന്മനാടായ മോറകാലയിലെ വീട്ടിലേക്ക് പോകും. ഈ റൂട്ടിലെ ഓരോ പഞ്ചായത്തിലും സ്വീകരണം ഒരുക്കാൻ തദ്ദേശസ്ഥാപനങ്ങളും തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. കടവന്ത്ര റീജ്യണൽ സ്‌പോർട്‌സ് കൗൺസിൽ ശ്രീജേഷിന് അഞ്ചു ലക്ഷം രൂപ പാരിതോഷികം നൽകും.
ഇന്നലെ ആലുവ യു.സി കോളേജ് ഓഡിറ്റോറിയത്തിൽ നടത്തിയ ആലോചനയോഗത്തിൽ എംഎൽഎമാർ അൻവർ സാദത്ത്,പി.വി ശ്രീനിജൻ എന്നിവർ നേതൃത്വം നൽകി.