മൂവാറ്റുപുഴ: ദമ്പതിമാരായ കുമാർ കെ .മുടവൂർ, സി.എൻ കുഞ്ഞുമോൾ എന്നിവരുടെ കവിതാ സമാഹാരങ്ങളുടെ പ്രകാശനം 17 ന് വൈകിട്ട് നാലിന് മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. കുമാർ കെ. മുടവൂരിന്റെ കുറുമ്പനാന കുഞ്ഞാന, സി.എൻ. കുഞ്ഞുമോളുടെ നിലാവിനെത്തൊടാൻ എന്നീ പുസ്തകങ്ങൾ കവി കുരീപ്പുഴ ശ്രീകുമാർ പ്രകാശനം ചെയ്യും. പുരോഗമന കലാ സാഹിത്യ സംഘം ജില്ല സെക്രട്ടറി ജോഷി ഡോൺ ബോസ്കോ, കവിയത്രി രവിത ഹരിദാസ് എന്നിവർ പുസ്തകം ഏറ്റുവാങ്ങും. കവി ജിനീഷ് ലാൽ രാജ്, കവിയത്രി സിന്ധു ഉല്ലാസ് എന്നിവർ പുസ്തകങ്ങൾ പരിചയപ്പെടുത്തും. പുരോഗമന കലാസാഹിത്യ സംഘം മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയാണ് സംഘാടകർ. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗമായ കുമാർ കെ .മുടവൂർ നാടൻ പാട്ട് കലാകാരനുമാണ്. മകളും എം.ബി.ബി.എസ് വിദ്യാർത്ഥിനിയുമായ നവമാധ്യങ്ങളിൽ വെള്ളില എന്ന പേരിൽ എഴുതുന്ന ശ്രീരഞ്ജിനിയാണ് കുറുമ്പനാന കുഞ്ഞാനയ്ക്ക് അവതാരിക എഴുതിയത്. മുൻ അദ്ധ്യാപികയും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും ചിത്രകാരിയുമാണ് സി.എൻ. കുഞ്ഞുമോൾ. നിലാവിനെത്തൊടാൻ പുസ്തകത്തിന് അവതാരിക എഴുതിയത് കവി സുമേഷ് കൃഷ്ണനാണ്.