paingottur
പെൺകുട്ടികൾ നിസ്കാരത്തിന് ശ്രമിച്ചതിനെ തുടർന്ന് പൈങ്ങോട്ടൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ കൂടിയ ജാഗ്രതാസമിതി യോഗം.

കൊച്ചി: മൂവാറ്റുപുഴ നിർമ്മല കോളേജിലെ നിസ്കാര വിവാദം കെട്ടടങ്ങും മുമ്പേ കോതമംഗലം പൈങ്ങോട്ടൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പെൺകുട്ടികൾ ക്ളാസ് മുറിയിൽ നിസ്കരിക്കാൻ നടത്തിയ ശ്രമം സ്കൂൾ അധികൃതർ തടഞ്ഞു. അദ്ധ്യാപകരുടെ വിലക്ക് മറികടന്ന് വ്യാഴാഴ്ചയാണ് പ്ളസ് ടു ബയോളജി ക്ളാസിലെ രണ്ട് പെൺകുട്ടികൾ ഉച്ചയ്ക്ക് നിസ്കരിക്കാൻ ശ്രമിച്ചത്. ജൂലായ് അവസാനം നിസ്കരിച്ചതിനെ തുടർന്ന് മാനേജ്മെന്റ് വിലക്ക് ഏർപ്പെടുത്തിയിരുന്നു.

കോതമംഗലം രൂപതയിൽപ്പെട്ട ഫ്രാൻസിസ്കൻ ക്ളാരിൻസ് കോൺഗ്രഗേഷൻ കോതമംഗലം പ്രൊവിൻസിന്റെ മാനേജ്മെന്റിലുള്ള സ്കൂളാണിത്. അഞ്ചു മുതൽ പ്ളസ് ടൂ വരെ രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്നുണ്ട്. പ്ളസ് ടുവിലെ 445 കുട്ടികളിൽ നൂറിലേറെപ്പേർ മുസ്ളീങ്ങളാണ്. ഇതിൽ രണ്ട്പേർ മാത്രമാണ് സ്കൂളിൽ നിസ്കരിക്കാൻ ശ്രമിച്ചത്. വിളിപ്പാടകലെയുള്ള മോസ്കിൽ വെള്ളിയാഴ്ചകളിൽ വിദ്യാർത്ഥികൾ പ്രാർത്ഥിക്കാൻ പോകാറുണ്ട്.

വിലക്ക് ലംഘിച്ച് നിസ്കരിക്കാൻ ശ്രമിച്ച കുട്ടികളു‌ടെ രക്ഷിതാക്കളെ പ്രിൻസിപ്പൽ വ്യാഴാഴ്ച തന്നെ വിളിച്ചുവരുത്തി വിവരം അറിയിച്ചപ്പോൾ ഒരു കുട്ടിയുടെ പിതാവ് ദിവസവും ഉച്ചയ്ക്ക് പള്ളിയിൽ പോകാൻ അനുവാദം തേടിയെങ്കിലും അംഗീകരിച്ചില്ല. രണ്ടാമത്തെ കുട്ടിയെ പറഞ്ഞ് മനസിലാക്കാമെന്ന് സർക്കാർ ഉദ്യോഗസ്ഥരായ മാതാപിതാക്കൾ അറിയിച്ചു.

കേരള വിദ്യാഭ്യാസ ചട്ട പ്രകാരം വെള്ളിയാഴ്ച മാത്രമേ പ്രാർത്ഥനയ്ക്ക് പോകാൻ കൂടുതൽ സമയം അനുവദിക്കാൻ കഴിയൂവെന്ന് പ്രിൻസിപ്പൽ സിസ്റ്റർ ദീപ്തി റോസ് പറഞ്ഞു.

• ദുരൂഹത: മാനേജ്മെന്റ്

75 വർഷത്തെ പാരമ്പര്യമുള്ള സ്കൂളിൽ വിദ്യാർത്ഥികളുടെ ഇത്തരം പ്രവണതകൾ അനുവദിക്കില്ലെന്ന് മാനേജ്മെന്റ് അറിയിച്ചു. പി.ടി.എയും മാനേജ്മെന്റിന് പിന്തുണ പ്രഖ്യാപിച്ചു. സ്കൂളിൽ ചേർന്ന ജാഗ്രതാ സമിതി യോഗത്തിൽ മാനേജർ സിസ്റ്റർ മെർലിൻ അദ്ധ്യക്ഷത വഹിച്ചു. കോതമംഗലം രൂപത വിദ്യാഭ്യാസ മാനേജർ മോൺ പയസ് മലേക്കണ്ടത്തിൽ, പൈങ്ങോട്ടൂർ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. ജെയിംസ് വരാരപ്പിള്ളി, ജാഗ്രതാ സമിതി രൂപതാദ്ധ്യക്ഷൻ ഫാ. ജേക്കബ് റാത്തപ്പിള്ളിൽ തുടങ്ങിയവർ പങ്കെടുത്തു