ifa-zine

ആലുവ: മാതാപിതാക്കൾക്കൊപ്പം ബൈക്കിൽ സഞ്ചരിക്കവേ അമിത വേഗതയിലെത്തിയ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു. എടത്തല പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ മാറമ്പിള്ളി ഗവ. എൽ.പി.എസിന് സമീപം തോപ്പിൽ വീട്ടിൽ ഷെബിന്റെ മകൾ ഐഫ സൈനാണ് മരിച്ചത്.

ഞായറാഴ്ച ആലുവ - പെരുമ്പാവൂർ സ്വകാര്യ ബസ് റൂട്ടിൽ നാലാംമൈൽ കവലയിലായിരുന്നു അപകടം. ഷെബിൻ ഓടിച്ച ബൈക്കിൽ ഭാര്യ ജസ്ന, മൂത്തമകൾ ഐൻ സഖ്യ എന്നിവരുമുണ്ടായിരുന്നു. നാല് പേർക്കും പരിക്കേറ്റിരുന്നു. ജസ്നയുടെയും മൂത്തമകളുടെയും പരിക്ക് സാരമുള്ളതായിരുന്നില്ല. നാട്ടുകാർ ഉടൻ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെന്റിലേറ്ററിലായിരുന്ന ഐഫ സൈൻ ഇന്നലെ വൈകിട്ടോടെ മരിച്ചു. തോട്ടുമുഖം മഹിളാലയം സ്കൂളിൽ എൽ.കെ.ജി വിദ്യാർത്ഥിനിയാണ്. മൃതദേഹം ഇന്ന് രാവിലെ ആലുവ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.