ഇന്നത്തെ കാലത്തിന്റെ ഏറ്റവും വലിയ സവിശേഷത വാർത്തകളും വിവരങ്ങളും വിരൽത്തുമ്പിൽ ലഭിക്കുമെന്നതാണ്. അതുപോലെതന്നെ സമൂഹമാദ്ധ്യമങ്ങളിലൂടെ ആർക്കും ഒരു റിപ്പോർട്ടറാകാം. വിവരങ്ങൾ തത്സമയം എത്തേണ്ടിടത്ത് എത്തിക്കാനും സാധിക്കും. വ്യക്തികൾ നടത്തുന്ന ഓൺലൈൻ പത്രങ്ങളും യുട്യൂബ് ചാനലുകളും പ്രതിദിനമെന്നോണം പൊട്ടി മുളയ്ക്കുകയാണ്. ഇവയുടെ ഇടപെടലുകളും വെളിപ്പെടുത്തലുകളും സമൂഹത്തിലെ പല വിഭാഗങ്ങളേയും സ്വാധീനിക്കുന്നു. മൂടിവയ്ക്കപ്പെട്ട പല കാര്യങ്ങളും പുറത്തുകൊണ്ടുവരുന്നതിൽ ഇത്തരം നവമാദ്ധ്യമങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്നത്ത് വസ്തുതയാണ്. ഇതിനായി നിർഭയം പ്രവർത്തിക്കുന്നുമുണ്ട്. എന്നാൽ യുട്യൂബ് അടക്കമുള്ള പ്ലാറ്റ്ഫോമുകളിൽ നിന്ന് വലിയ വരുമാന സാദ്ധ്യതയുള്ളതിനാൽ ലൈക്കും ഷെയറിനും റീച്ചിനുമായി അറ്റകൈ പ്രയോഗം നടത്തുകയാണ് പലരും. ഇതിനായി നിയമം കയ്യിലെടുക്കുകയും ചെയ്യുന്നു. ഭീഷണിയും അസഭ്യവും അധിക്ഷേപവുമാണ് ചില വ്ളോഗർമാരുടെ ഐഡന്റിറ്റി. സെലിബ്രിറ്റികളെ അപകീർത്തിപ്പെടുത്തുന്നത് വ്യൂ കൂടാനുളള എളുപ്പമാർഗമാണെന്ന് ഇവർക്കറിയാം. മറുഭാഗത്തുണ്ടാകുന്ന ഡാമേജുകൾക്ക് ഇത്തരക്കാർ പുല്ലുവില പോലും കൽപ്പിക്കുന്നില്ല. സൈബർ നിയമങ്ങളിലെ പഴുതുകൾ ഇവർക്ക് രക്ഷയാവുകയും ചെയ്യുന്നു.
കുടുങ്ങിയ ചെകുത്താൻ
നാടാകെ വയനാട് ദുരന്തത്തിന്റെ വേദനയിൽ പിടയുമ്പോഴാണ് ടെറിറ്റോറിയൽ ആർമിയിലെ ലഫ്.കേണൽ പദവിയുള്ള നടൻ മോഹൻലാൽ അവിടെയെത്തിയത്. ദുഷ്കര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്ന സൈനികർക്ക് ആത്മവിശ്വാസം പകരാനാണ് ലാൽ പട്ടാള യൂണിഫോമിൽ വയനാട്ടിലെ ദുരന്തമുഖത്തെത്തിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി വലിയ തുകയുടെ സഹായവും വാഗ്ദാനം ചെയ്തു. മോഹൻലാലിന്റെ വയനാട് സന്ദർശനവുമായി ബന്ധപ്പെട്ട ചർച്ചകളും പ്രചാരണങ്ങളും മുതലെടുത്താണ്, മുമ്പും സൈബർ കേസുകളിൽ പെട്ടിട്ടുള്ള 'ചെകുത്താൻ' എന്ന യുട്യൂബർ വീഡിയോകൾ പോസ്റ്റു ചെയ്തത്. തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സാണ് ചെകുത്താൻ എന്നറിയപ്പെടുന്നത്. സൈനികരുടെ വ്യക്തിത്വത്തേയും സ്വാഭിമാനത്തേയും വരെ ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നു ആദ്യ വീഡിയോ. തുടർന്ന് താരസംഘടനയായ അമ്മ ജനറൽ സെക്രട്ടറിയും നടനുമായ സിദ്ദിഖിന്റെ പരാതിയിൽ തിരുവല്ല പൊലീസ് കേസെടുത്തു. ഒളിവിലിരുന്ന് ചെകുത്താൻ ഈ വിഷയത്തിലെ രണ്ടാമത്തെ വീഡിയോയും ഇട്ടു. അധികാര ദുർവിനിയോഗം നടത്തിയ മഹാ നടനെക്കുറിച്ചാണ് അന്വേഷണം നടത്തേണ്ടതെന്ന് ഇതിൽ പരാമർശിച്ചു. മോഹൻലാൽ മാസ് ബിജിഎമ്മോടുകൂടി പട്ടാളവേഷമിട്ട് ദുരന്തമുഖത്ത് നടക്കുമ്പോൾ കയ്യടിക്കുന്ന വിവരമില്ലാത്തവരാണ് ജനങ്ങളെന്നും കുറ്റപ്പെടുത്തി. വീഡിയോ ഇറങ്ങി മണിക്കൂറുകൾക്കകം പൊലീസ് അജുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിദ്വേഷ പ്രചരണമാണ് അജു അലക്സ് നടത്തിയതെന്ന് തിരുവല്ല പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു. ഭാരതീയ ന്യായസംഹിത വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. തൻ്റെ പേരിൽ സൈനികരേയും അധിക്ഷേപിച്ചത് മനോവിഷമമുണ്ടാക്കിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ ബന്ധപ്പെട്ടപ്പോൾ മോഹൻലാൽ പറഞ്ഞത്. മാത്രമല്ല ടെറിറ്റോറിയൽ ആര്‍മിയെ ആക്ഷേപിച്ചതിന്റെ പേരില്‍ ഡൽഹിയിൽ നിന്നും അജുവിനെതിരെ സിവിൽ സ്യൂട്ട് ഫയൽ ചെയ്യുന്നതായി അറിയാൻ കഴിഞ്ഞതായും പൊലീസ് വെളിപ്പെടുത്തിയിരുന്നു. കൂടാതെ സിനിമാ മേഖലയിലുള്ള മറ്റ് ആളുകളും മാനനഷ്ടക്കേസിന് ഒരുങ്ങുകയാണ്.
സർവോപരി പാലാക്കാരൻ
മൊബൈൽ ക്യാമറയും യുട്യൂബ് ചാനലും സ്വന്തമായുണ്ടെങ്കിൽ സർവ്വ ആളുകൾക്കും ഉപരിയായെന്ന് കരുതുന്നവരുണ്ട്. അത്തരത്തിൽപ്പെടുന്നു സൂരജ് പാലാക്കാരൻ. ഇദ്ദേഹത്തിനെതിരേ പല കേസുകളും മാനനഷ്ടക്കേസുകളുണ്ട്. യുവനടി റോഷ്‌ന ആൻ റോയ്‌യെ അധിക്ഷേപിച്ച കേസിൽ കഴിഞ്ഞ ദിവസം കൊച്ചിയിൽ അറസ്സിലാവുകയും ചെയ്തു. നടിയുടെ പരാതിയിൽ പാലാരിവട്ടം പൊലീസായിരുന്നു സൂരജിനെ കസ്റ്റഡിയിലെടുത്തത്. യുട്യൂബ് ചാനലിലൂടെ സ്‌ത്രീത്വത്തെ അപമാനിച്ചു എന്നായിരുന്നു റോഷ്‌നയുടെ പരാതി. 2022ലും സമാനമായ കേസിൽ സൂരജ് പാലാക്കാരനെ അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും ജാതീയമായി അധിക്ഷേപിച്ചതിനുമാണ് ഇയാൾക്കെതിരെ അന്ന് പൊലീസ് കേസെടുത്തത്. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനോട് അപമര്യദയായി പെരുമാറിയെന്ന് ആരോപണം നേരിടുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു തന്നോടും മോശമായി പെരുമാറിയിരുന്നു എന്ന് പറഞ്ഞ് റോഷ്‌ന രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നായിരുന്നു നടിക്കെതിരെയുള്ള സൂരജ് പാലാക്കാരന്റെ അധിക്ഷേപ പരാമർശം. എന്നാൽ മുല്ലപ്പെരിയാർ വിഷയത്തിൽ താൻ പ്രഖ്യാപിച്ച സമരത്തെ ഭയന്ന് സർക്കാർ പ്രതികാര നടപടി സ്വീകരിച്ചതാണെന്നാണ് ജാമ്യത്തിലിറങ്ങിയ പാലാക്കാരൻ പ്രതികരിച്ചത്.
പുകിലായ മയിൽക്കറി
ഇന്ത്യയുടെ ദേശീയപക്ഷിയാണ് മയിൽ. സംരക്ഷിത വിഭാഗത്തിൽപ്പെട്ട വന്യജീവി. വേട്ടയാടുന്നത് ഗുരുതര കുറ്റകൃത്യം. ചില സമുദായങ്ങൾക്ക് വിശുദ്ധപക്ഷി കൂടിയാണ് മയിൽ. ഇതിലൊന്നിനെ കൊന്നു കറിവച്ച് പ്രദർശിപ്പിച്ചാണ് തെലങ്കാനയിലെ ഫുഡ് വ്ളോഗർ തങ്കല്ലപ്പള്ളി സ്വദേശി കോടം പ്രണയ് കുമാർ വിവാദത്തിലായത്. ഇതാ ,പരമ്പരാഗത രീതിയിൽ മയിൽകറി തയാറാക്കാം എന്ന വിവരണത്തോടെയായിരുന്നു വീഡിയോ. വനം വകുപ്പ് ഇയാളെ അറസ്റ്റു ചെയ്തപ്പോൾ വൈറലാകാൻ ചെയ്തതാണെന്നായിരുന്നു വിശദീകരണം. ഫോറസ്റ്റ് ഉദ്യോഗസ്ഥർ വിഡിയോയുടെ നിയമസാധുത അന്വേഷിക്കുകയും ഫോറൻസിക് പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചിരിക്കുകയുമാണ്. നടപടി വന്നതോടെ മയിൽക്കറി പോസ്റ്റ് പ്രതി നീക്കം ചെയ്തു. സമൂഹമാദ്ധ്യമങ്ങളെ ക്രിയാത്മക വിമർശനങ്ങൾ നല്ലതാണ്. സർഗാത്മക സൃഷ്ടികളും സ്വാഗതാർഹം. എന്നാൽ വൈറലാകാൻ നിയമം കയ്യിലെടുക്കാതെ നോക്കണം. ഭീഷണിയും അധിക്ഷേപവും ഉണ്ടാകാതെ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം നിയമം ചൂരൽ വടിയെടുക്കും. സ്മരണ വേണം...