മുളന്തുരുത്തി: കഷ്ടിച്ച് രണ്ട് ബസുകൾക്ക് നിർത്തിയിടാൻ മാത്രമുള്ള ഇടം, യാത്രക്കാർക്ക് കയറി നിൽക്കാൻ ഒരു കാത്തിരിപ്പ് കേന്ദ്രമോ ശങ്ക തീർക്കാൻ ശൗചാലയ സൗകര്യമോ ഇല്ല. അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ഇല്ലാത്ത ഈ ബസ് സ്റ്റാൻഡിൽ മഞ്ഞും മഴയും വെയിലും കൊണ്ട് വേണം യാത്രക്കാർ ബസ് കാത്ത് നിൽക്കാൻ. മുളന്തുരുത്തി പള്ളിത്താഴം കവലയിലെ ബസ് സ്റ്റാൻഡിന് ആണ് ഈ ദുർഗതി.
പള്ളിത്താഴം കവലയിലെ ഗതാഗത കുരുക്കിന് പരിഹാരമായിട്ടാണ് ജംഗ്ഷനിൽ നിന്ന് 50 മീറ്റർ ദൂരേക്ക് മാറി പുതിയ ബസ് സ്റ്റാൻഡ് പണികഴിപ്പിച്ചത്. ബസ് സ്റ്റാൻഡ് മാറ്റിയിട്ട് 4 വർഷമായെങ്കിലും ബസുകൾ സ്റ്റാൻഡിൽ കയറാത്തതിനാൽ കവലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം ആയില്ല. മുളന്തുരുത്തി എസ്. എച്ച്. ഒ. യുടെ കർശന നിർദേശപ്രകാരം പ്രൈവറ്റ് ബസുകൾ സ്റ്റാൻഡിൽ നിർത്തി ആളെ കയറ്റണമെന്ന് നിയമം നടപ്പിലാക്കിയതിന് ശേഷം യാത്രക്കാർ കൂടുതൽ ദുരിതത്തിലായി.
സ്റ്റാൻഡിലേക്ക് എത്തുന്ന വാഹനങ്ങൾ എങ്ങോട്ടാണ് പോകുന്നത് എന്ന് അറിയാത്ത യാത്രക്കാർ സ്റ്റാൻഡിലൂടെ തലങ്ങും വിലങ്ങും പായുകയാണ്. അനൗൺസ്മെന്റ് സൗകര്യങ്ങളോ, കൃത്യമായ നിർദ്ദേശങ്ങളോ ഇല്ലാത്തതും യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. ദീർഘദൂര യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
ഇല്ലായ്മകളുടെ ഘോഷയാത്ര
തലങ്ങും വിലങ്ങുമായാണ് സ്റ്റാൻഡിൽ ബസുകൾ പാർക്ക് ചെയ്യുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് അധികൃതരും ബസ് സ്റ്റാൻഡിനെ കൈവിട്ടു. ആകെയുള്ള സ്ഥലത്ത് ടൂവീലർ പാർക്കിംഗ് ഭംഗിയായി നടപ്പാക്കിയിട്ടുണ്ട്. സ്റ്റാൻഡിൽ നിന്ന് അലക്ഷ്യമായി ഇറങ്ങിവരുന്ന വാഹനങ്ങൾ അപകടങ്ങൾ ഉണ്ടാക്കുന്നതും പതിവാണ്.
യു.ഡി.എഫ് പഞ്ചായത്ത് ഭരണസമിതിക്ക് ബസ് സ്റ്റാൻഡിനോട് തികഞ്ഞ അവഗണനയാണ്. സ്റ്റാൻഡിന്റെ പുറകുവശത്ത് അടിയന്തരമായി ആളുകൾക്ക് നിൽക്കുന്നതിനും ഇരിക്കുന്നതിനും ആവശ്യമായ ഷെൽട്ടർ നിർമ്മിക്കണം. കൂടാതെ ബസ് സ്റ്റാൻഡിൽ പഞ്ചിംഗ് സംവിധാനം ഒരുക്കിയാലേ എല്ലാ ബസുകളും സ്റ്റാൻഡിൽ കയറൂ.
അരുൺ പോട്ടയിൽ
പൊതുപ്രവർത്തകൻ