
കൊച്ചി: നാടകത്തിൽ നിന്നൊരു സിനിമ. അതാണ് ആനന്ദ് ഏകർഷിയുടെ ആട്ടം. വിനയ്ഫോർട്ടിനെയും ഷാജോണിനെയും മാറ്റിനിറുത്തിയാൽ അഭിനേതാക്കളും സംവിധായകനും പുതുമുഖങ്ങൾ. കൊച്ചിയിൽ പ്രൊഫ. ചന്ദ്രദാസൻ കുട്ടികൾക്കായി തുടങ്ങിവച്ച ലോകധർമ്മി എന്ന നാടകസംഘത്തിൽ വർഷങ്ങൾക്കുമുമ്പ് രൂപപ്പെട്ട സൗഹൃദമാണ് ആട്ടത്തിന്റെ പിന്നിലുള്ളത്. അഭിനേതാക്കളും സംവിധായകനും നിർമ്മാതാവും കൊച്ചിക്കാരാണ്. ലൊക്കേഷനും കൊച്ചിയായിരുന്നു.
ചെറുപ്പം മുതൽ ഒപ്പം അഭിനയിച്ച കൂട്ടുകാരെ സിനിമയിലൂടെ കരകയറ്റാൻവേണ്ടി സംവിധായകൻ ആനന്ദും വിനയ്ഫോർട്ടും ആലോചിച്ചൊരുക്കിയ പദ്ധതിയാണ് ഈ സിനിമ. കഥയുടെ കരുത്ത് മനസിലാക്കി അമേരിക്കയിൽ മെഡിക്കൽ രംഗത്തുള്ള ഡോ. അജിത്ത് ജോയി നിർമ്മാണം ഏറ്റെടുത്തതോടെ ഒരു വർഷത്തിനുള്ളിൽ സിനിമ റിലീസായി.
കാക്കനാട് രാജഗിരി സ്കൂളിലെ പഠനകാലം മുതലേ നാടകത്തിലുണ്ട് ആനന്ദെന്ന സെബാസ്റ്റ്യൻ കെ.എബ്രഹാം. പ്ളസ് ടുകാലംമുതൽ പത്തുവർഷത്തിലേറെ ലോകധർമ്മിയുടെ നാടകങ്ങളിൽ വേഷമിട്ടു. പ്രൊഫ. ചന്ദ്രദാസ് സംവിധാനംചെയ്ത കർണഭാരം നാടകത്തിലെ ഭീഷ്മർ ആനന്ദിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ്. യാത്രയോടുള്ള ഇഷ്ടംകൊണ്ടാണ് ഒറ്റയ്ക്ക് യാത്രചെയ്യുന്നയാൾ എന്നർത്ഥമുള്ള ഏകർഷി പേരിനൊപ്പം ചേർത്തത്. ഹിന്ദി സംവിധായകൻ ഇംതിയാസ് അലിയുടെ അസിസ്റ്റന്റായാണ് സിനിമാപ്രവേശം. എം.എസ്‌സി അപ്ളൈഡ് സൈക്കോളജി കഴിഞ്ഞ ആനന്ദ് അവിവാഹിതനാണ്.
ആട്ടത്തിന്റെ എഡിറ്റിംഗിൽ അത്ഭുതക്കാഴ്ചകൾ സൃഷ്ടിച്ച് ദേശീയ അവാർഡ് നേടിയ മഹേഷ് ഭുവനേന്ദ് സിനിമയുടെ ആലോചനാവേളയിൽ ആട്ടത്തിലേക്ക് എത്തിയ പ്രതിഭയാണ്. പാലക്കാട് മണ്ണാർകാട് സ്വദേശിയാണ്. അഹമ്മദ് കബീർ സംവിധാനം ചെയ്ത മധുരം ആണ് ആദ്യം എഡിറ്റുചെയ്ത സിനിമ. ആട്ടത്തിലെഅഭിനേതാക്കളിൽ ഒരാളായ മദനാണ് സുഹൃത്തായ മഹേഷിനെ ആനന്ദിന് പരിചയപ്പെടുത്തിയത്. ഒ.ടി.ടിയിൽ ഹിറ്റായ കേരള ക്രൈം ഫയൽസ് സീരീസിന്റെയും ഗോളം,വേല എന്നീ സിനിമകളുടെയും എഡിറ്റിംഗ് ഇദ്ദേഹത്തിന്റേതായിരുന്നു.
നാടകപശ്ചാത്തലമുള്ളവരുടെ സിനിമയായതിനാൽ നാടകംപോലെതന്നെ ആട്ടത്തിനും റിഹേഴ്സലുകളുണ്ടായിരുന്നു. നാൽപ്പതോളം തവണ സാദാറിഹേഴ്സലും 9 തവണ ക്യാമറയ്ക്ക് മുന്നിലുള്ള റിഹേഴ്സലും. സിനിമയുടെ പെർഫെക്ഷനുപിന്നിലെ രഹസ്യവും ഇതുതന്നെ. 'അരങ്ങ്' എന്ന 13അംഗ നാടകസംഘത്തിലെ ഏകനടിയായ സെറിൻ ഷിഹാബിന്റെ അഞ്ജലി എന്ന കഥാപാത്രത്തിന് നേരെയുണ്ടായ ലൈംഗിക അതിക്രമമാണ് സിനിമയുടെ കഥാതന്തു. ഇരയ്ക്കൊപ്പം നിൽക്കുന്ന കാര്യത്തിൽ മനുഷ്യന്റെ സ്വാർത്ഥത എങ്ങനെ നിലപാടുകളിൽ പ്രതിഫലിക്കുന്നുവെന്ന് സിനിമ തെളിയിക്കുന്നു. കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചലച്ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടതിനു പുറമെ ഗോവയിൽ ഇന്ത്യൻ പനോരമയിലെ ഓപ്പണിംഗ് ഫിലിമും ആയിരുന്നു..
സ്വപ്നതുല്യം
കാൽനൂറ്റാണ്ട് പിന്നിട്ട സൗഹൃദത്തിന്റെ വിജയമാണ് ആട്ടം. നേട്ടത്തിന്റെ ശില്പികൾ നിർമ്മാതാവും വിനയ്ഫോർട്ടുമാണ്. ദേശീയ അവാർഡ് സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും അതീതമായിരുന്നു.
ആനന്ദ് ഏകർഷി