കൊച്ചി: അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിടുന്ന കേരള ലേബർ മൂവ്മെന്റിന്റെ സുവർണ ജൂബിലി സമ്മേളനം 18ന് രാവിലെ 11ന് എറണാകുളം ടൗൺ ഹാളിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. ലേബർ മൂവ്മെന്റ് പ്രസിഡന്റ് ബാബു തണ്ണിക്കോട്ട് അദ്ധ്യക്ഷത വഹിക്കും. കെ.സി.ബി.സി ലേബർ കമ്മിഷൻ ചെയർമാൻ ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തേൻ അനുഗ്രഹപ്രഭാഷണം നടത്തും. ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ടി.ജെ. വിനോദ്, കെ.ജെ. മാക്സി എന്നിവർ പ്രസംഗിക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന സമാപനസമ്മേളനം വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്യും. സുവർണ ജൂബിലി അവാർഡുകളും സമ്മേളനത്തിൽ വിതരണംചെയ്യും.