പറവൂർ: യു.എ.ഇ മീഡിയ ഹബിന്റെ ഇൻഡോ- അറബ് ഇന്റർനാഷണൽ ഫയർ ആൻഡ് സേഫ്റ്റി വിഭാഗം എക്സലൻസ് അവാർഡിന് എം.കെ. സജീവ് അർഹനായി. മാനടിയിൽ സജീവ് അബുദാബി കേന്ദ്രമായി പ്രവർത്തിക്കുന്ന എവർ സേഫ് ഫയർ ആൻഡ് സേഫ്റ്റി കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാണ്. 32 വർഷമായി ഈ മേഖലയിൽ മികച്ച പ്രവർത്തനം നടത്തുന്ന സജീവനെ യു.എ.ഇയുടെ വ്യാവസായിക മുന്നേറ്റത്തിന് നൽകിവരുന്ന മാതൃകാപരമായ സേവനം മുൻനിർത്തിയാണ് അവാർഡിന് തിരഞ്ഞെടുത്തത്. ആരോഗ്യം, വിദ്യാഭ്യാസം, മാദ്ധ്യമ രംഗം, വ്യവസായ മേഖല, സിനിമ തുടങ്ങിയ മേഖലകളിലെ പ്രതിഭകൾക്കും അവാർഡുണ്ട്. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന സമ്മേളനത്തിൽ കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി രാംദാസ് അത്താവ്‌ലെ അവാർഡ് സമ്മാനിച്ചു. ഡോ. ഫഹദ് മെർഹബി, ഡോ. ബു അബ്ദുല്ല എന്നിവർ ചേർന്ന് പ്രശംസാപത്രം കൈമാറി. എറണാകുളം തത്തപ്പിള്ളി സ്വദേശിയും ജീവകാരുണ്യ പ്രവർത്തകനുമായ സജീവ് പരേതരായ മാനടിയിൽ കുമാരന്റെയും ജാനകിയുടെയും മകനാണ്. എവർ സേഫ് കമ്പനിയിലെ ഫിനാൻഷ്യൽ ഡയറക്ടറായ സുമനയാണ് ഭാര്യ. മക്കൾ: ഡോ. ഐശ്വര്യ, ആദിത് (എൻജിനീയർ, ദുബൈ).