
വൈപ്പിൻ: വൈപ്പിൻ പള്ളിപ്പുറം സംസ്ഥാനപാതയിൽ നടപ്പാത നിർമ്മാണം വൈപ്പിൻ ഭാഗത്ത് നിന്ന് ആരംഭിച്ച് 5 പഞ്ചായത്തുകളിൽ പൂർത്തിയാകുന്നു. പള്ളിപ്പുറം പഞ്ചായത്തിലെ ചെറായി ഗൗരീശ്വരത്താണ് ഇപ്പോൾ നിർമ്മാണം നടക്കുന്നത്.
നടപ്പാത എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം. ഹൈസ്‌കൂളിന് മുന്നിലെത്തിയപ്പോൾ കെ.എസ്.ഇ.ബിയുടെ പോസ്റ്റിന് സപ്പോർട്ട് ആയി മറ്റൊരു പോസ്റ്റുകൂടിയുള്ളത് തടസമാകുന്നു. ഇതിന് ഇടയിലൂടെയാണ് ഇപ്പോൾ നടപ്പാത നിർമ്മിച്ചിരിക്കുന്നത്. മുന്നിലുളള കെ.എസ്.ഇ. ബി കത്രികപ്പൂട്ട് ശ്രദ്ധിക്കാതെ വേഗത്തിൽ നടന്നാൽ തല പോസ്റ്റിലിടിച്ച് അപകടം ഉറപ്പ്. നല്ല വണ്ണമുള്ളവർക്ക് കടന്ന് പോകാനും പ്രയാസമാണ്. കാൽനടക്കാർക്ക് തടസമില്ലാത്തവിധം മറ്റേതെങ്കിലും തരത്തിൽ സ്റ്റേ പുനഃസ്ഥാപിച്ചില്ലെങ്കിൽ കാൽനടക്കാർ അപകടത്തിൽപ്പെടാൻ സാദ്ധ്യതയേറെയാണ്. കെ.എസ്.ഇ.ബിയും പൊതുമരാമത്ത് അധികൃതരും കൂടിയാലോചന നടത്തി പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.